മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിളക്കമാര്‍ന്നതാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് എട്ട് ശതമാനമാണെന്നും എസ് ബിഐ റിസര്‍ച്ച്. നാലാം സാമ്പത്തിക ത്രൈമാസത്തില്‍ (2024 ജനവരി-മാര്‍ച്ച്) സാമ്പത്തിക വളര്‍ച്ച 7.4 ശതമാനം കൈവരിച്ചുവെന്നും എസ് ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 31ന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ചയുടെ കണക്കും 2024 ജനവരി-മാര്‍ച്ച് ത്രൈമാസത്തിലെ ജിഡിപി നിരക്കും അന്ന് പ്രഖ്യാപിക്കും. അതിന് മുന്നോടിയായാണ് എസ്ബിഐ റിസര്‍ച്ച് അവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയുടെ 2024 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച എട്ട് ശതമാനമായിരിക്കുമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസറായ വി. അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടിരുന്നു. റിസര്‍വ്വ് ബാങ്കാകട്ടെ ഇതിന് അടുത്ത ഒരു കണക്കാണ് പുറത്തുവിട്ടത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനവും 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (2024 ഏപ്രില്‍-ജൂണ്‍) ഇന്ത്യ 7.5 ശതമാനം വളര്‍ച്ചയും കൈവരിക്കുമെന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ആയിരുന്നു റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട്.
എസ് ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ നഗരങ്ങളും ഗ്രാമങ്ങളും ഒരു പോലെ വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നതെന്നും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സമ്പദ്ഘടന മികച്ച വളര്‍ച്ച രേഖപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളില്‍ 2024 ജനവരിക്ക് ശേഷം വളര്‍ച്ച 80 ശതമാനം ത്വരിതപ്പെട്ടതായി കാണുന്നതായും എസ് ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യാത്രാവാഹനങ്ങളുടെ വില്പന, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന, ജിഎസ് ടി വരുമാനത്തിലെ കുതിപ്പ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, പെട്രോള്‍-ഡീസല്‍ ഉപഭോഗത്തിലെ ഉയര്‍ച്ച എന്നിവ നഗരങ്ങളുടെ സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണങ്ങളാണെന്നും എസ്ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
“ഗ്രാമങ്ങളിലാകട്ടെ സാമ്പത്തിക വളര്‍ച്ച 2024 മാര്‍ച്ചില്‍ 75 ശതമാനത്തോളം ത്വരിതപ്പെട്ടതായും എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു. അത് 2024 ഫെബ്രുവരിയില്‍ 50 മുതല്‍ 60 ശതമാനം മാത്രമായിരുന്നു. ഗ്രാമങ്ങളില്‍ ഡീസല്‍ ഉപഭോഗം, ഇരുചക്രവാഹനങ്ങളുടെ വില്പന എന്നിവയിലെ കുതിപ്പ് ഗ്രാമങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ഉണര്‍വ്വിന്റെ സൂചനകളാണ്.” -എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.
“2023 ഒക്ടോബര്‍-ഡിസംബര്‍ മൂന്നാം സാമ്പത്തിക പാദത്തില്‍ 8.4 ശതമാനമാണ് ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ച. അത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ത്രൈമാസ സാമ്പത്തിക വളര്‍ച്ചയാണ്. ഇതിന് മുന്‍പ്, ഇന്ത്യ 2022 ജനവരി-മാര്‍ച്ച് ആദ്യസാമ്പത്തിക പാദത്തില്‍ 13.1 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്തായാലും ഈ വളര്‍ച്ചാകണക്കുകള്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ അതിജീവനശേഷിയും പോസിറ്റീവായ സാമ്പത്തിക മുന്നേറ്റവും ആണ് സൂചിപ്പിക്കുന്നത്.” – എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു.
ശരാശരിയേക്കാള്‍ ഉയര്‍ന്ന മണ്‍സൂണ്‍ മഴ ഗ്രാമങ്ങളെ മികച്ച കാര്ഷികവിളയിലൂടെ വീണ്ടും ഉണര്‍ത്തും. ഇത് ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍ എന്നിവയുടെ സുലഭമായ ലഭ്യതയ്ക്ക് സാഹചര്യമൊരുക്കുമെന്നും എസ് ബിഐ റിപ്പോര്‍ട്ട് ശുഭപ്രതീക്ഷ പങ്കുവെയ്ക്കുന്നു. ബാങ്കിംഗ്, ഓട്ടോമൊബൈല്‍, കാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഫാര്‍മ മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് 2024 ജനവരി-മാര്‍ച്ച് ത്രൈമാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ശുഭകരമാണ്.
യുദ്ധസാഹചര്യങ്ങളുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും പണപ്പെരുപ്പത്തിന്റെ സമ്മര്ദ്ദമില്ലാത്തിനാലും തൊഴില്‍സാഹചര്യങ്ങള്‍ സുസ്ഥിരമായതിനാലും ആഗോള വളര്‍ച്ച സുസ്ഥിരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: