മയൂര്‍ഭഞ്ജ്(ഒഡീഷ): നവീന്‍ ബാബുവിന്റെ ആരോഗ്യസ്ഥിതി പഠിക്കാന്‍ ജൂണ്‍ പത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് സഹായിയും ബിജെഡി നേതാവുമായ വി.കെ. പാണ്ഡ്യന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ നവീന്‍ബാബുവിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജൂണ്‍ 10ന് ഒഡീഷയില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. എല്ലാവരെയും ആ ചടങ്ങിലേക്ക് ഹാര്‍ദമായി ക്ഷണിക്കുന്നു. കാല്‍നൂറ്റാണ്ട് കാലത്തെ ബിജെഡി ഭരണത്തിന് പൂര്‍ണവിരാമമിടാനുള്ള നിങ്ങളുടെ തീരുമാനത്തിന് ഞാന്‍ നന്ദി പറയുന്നു, മോദി പറഞ്ഞു.
നവീന്‍ബാബുവിന്റെ അനുയായികള്‍ ആശങ്കയിലാണ്. വര്‍ഷങ്ങളായി അടുത്തിടപഴകിയ ആളുകള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രചാരണങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നവരുമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇത് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. നവീന്‍ ബാബുവിന്റെ പേര് ഉപയോഗിച്ച് അധികാരം ആസ്വദിക്കാനുള്ള ഒരു ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണോ ഇത്തരം പ്രചാരണങ്ങള്‍ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഈ ദുരൂഹതയുടെ ചുരുള്‍ അഴിയേണ്ടത് അനിവാര്യമാണ്, മോദി പറഞ്ഞു.
ജഗന്നാഥപുരിയിലെ രത്നഭണ്ഡാരം കൊള്ളയടിച്ചവരാണ് ബിജെഡിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മഹാപ്രഭുവിന്റെ രത്നഭണ്ഡാരമാണ് കവര്‍ന്നത്. അതിന്റെ താക്കോല്‍ എവിടെയാണ് കളഞ്ഞതെന്നത് ഒഡീഷയുടെ മാത്രം പ്രശ്നമല്ല, മുഴുവന്‍ രാജ്യവും അത് ചോദിക്കുന്നു. ഇക്കാര്യത്തില്‍ ബിജെഡി സര്‍ക്കാര്‍ ഒളിക്കുന്നതെല്ലാം പുറത്തുകൊണ്ടുവരുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു, മോദി പറഞ്ഞു.
നിങ്ങള്‍ എനിക്ക് രണ്ട് തവണ ഭരണം നല്കി. ആ പത്ത് വര്‍ഷം രാജ്യപുരോഗതിയുടെ ട്രെയിലര്‍ ആയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. അനേകം മേഖലകളില്‍ നമ്മള് സ്വാശ്രയത്വം നേടും. എന്റെ ഒഡീഷയിലെ പ്രചാരണങ്ങളില്‍ ഇത് അവസാനത്തേതാണ്. ഞാന്‍ ബംഗാളില്‍ നിന്നാണ് വരുന്നത്. ഇവിടുന്ന് ഝാര്‍ഖണ്ഡിലേക്ക് പോകും. എവിടെച്ചെന്നാലും ജനങ്ങള്‍ മോദി സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: