ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ക്രൂരമായ മര്‍ദനത്തിനിരയായ ആപ്പ് എംപി സ്വാതി മാലിവാളിനെ മാനസികമായി തളര്‍ത്താന്‍ നീക്കം. സ്വാതി മാലിവാളിനെ അക്രമിച്ച വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി പരിഗണിക്കുന്നതിനിടെ വൈഭവിന്റെ അഭിഭാഷകനാണ് സ്വാതിയെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ കേട്ട സ്വാതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. ശരീരത്തിലെ മുറിവുകള്‍ നിങ്ങള്‍ സ്വയമുണ്ടാക്കിയതാണോ, അതിനെത്ര ദിവസത്തെ പഴക്കമുണ്ട്, അടുത്തുണ്ടായതാണോ തുടങ്ങിയ ചോദ്യങ്ങളും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.
ആരോപണങ്ങളുന്നയിക്കാന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവിയില്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം തെരഞ്ഞെടുത്തെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എന്തുകൊണ്ടാണ് അപ്പോള്‍ത്തന്നെ പരാതി നല്കാതിരുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു. വൈഭവ് കുമാറിനെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതായും അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ അധികാരമൊന്നുമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
തന്നെ അക്രമിച്ച വൈഭവ് കുമാറിനെ ഹീറോയായും തന്നെ ബിജെപി ഏജന്റായും ചിത്രീകരിക്കുകയാണെന്ന് സ്വാതി കോടതിയില്‍ പറഞ്ഞു. ഒരു പ്രധാന യൂട്യൂബര്‍, ആപ്പിന്റെ അംഗമെന്ന പോലെ ഏകപക്ഷീയമായി വീഡിയോ നിര്‍മിച്ചെന്നും ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നതായും സ്വാതി കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
വൈഭവ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ പാസ്‌വേര്‍ഡ് കൈമാറുന്നില്ലെന്നും പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു.
വാദം കേട്ട കോടതി വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തേയും തള്ളിയിരുന്നു. അതിനിടെ കനത്ത ചൂടില്‍ കോടതിയില്‍ പോലീസുദ്യോഗസ്ഥ കുഴഞ്ഞുവീണത് ആശങ്കയുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: