തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും.
പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്സ്) യോഗം പരിഗണിക്കും. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു.
പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വിദഗ്ധ സമിതി യോഗം ചേരുന്നത്.
സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ഡാമില്‍ നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാറ്റഗറി ‘എ’ പ്രകാരം മുന്‍കൂട്ടി പരിസ്ഥിതി അനുമതി ആവശ്യമാണ്. പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ (എന്‍ബിഡബ്ല്യുഎല്‍) സ്റ്റാന്‍ഡിങ് കമ്മിറ്റി 2014 ഡിസംബര്‍ മൂന്നിന് തന്നെ കേരളത്തിന് അനുമതി നല്കിയിട്ടുണ്ട്. പഠനം നടത്താന്‍ അനുവദിക്കരുതെന്നും എന്‍ബിഡബ്ല്യുഎല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജി 2016ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉയര്‍ത്തി തമിഴ്നാട് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കേരളത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: