ഭാഗവതത്തിലെ ഭക്തന്‍മാര്‍ ആരെല്ലാം എന്നു ചോദിച്ചാല്‍ ഉത്തരം ഭാഗവതത്തിലുള്ളവരെല്ലാം എന്നാണ്. അപ്പോള്‍പ്പിന്നെ അസുരന്‍മാരും സുരന്‍മാരും സജ്ജനങ്ങളും ദുഷ്ടശക്തികളും എന്നൊക്കെയുള്ള തരംതിരിവ് എവിടെയാണ്?
അങ്ങനെയൊരു വേര്‍തിരിവ് ഭാഗവതത്തിലില്ല. അതു നമ്മുടെ മനസ്സിന്റെ സൃഷ്ടിയത്രെ. ഭഗവാനു മുന്നില്‍ എല്ലാവരും ഒരുപോലെ തന്നെ. ഹിരണ്യകശിപുവും കംസനും ശിശുപാലനും എല്ലാം ഭഗവാന്റെ ഭക്തര്‍ തന്നെയാണ്. അവര്‍ ഭഗവാന്റെ പാര്‍ഷദന്‍മാരത്രെ. ഭഗവാന്റെ മഹത്വം തെളിമയോടെ കാണിക്കാന്‍ അവര്‍ ദുഷ്ടശക്തികളുടെ ഭാഗം ഏറ്റെടുക്കുന്നു എന്നു മാത്രം. സത്വത്തിനു മിഴിവേകുന്നതു തമസ്സാണ്. സിനിമകളിലും നാടകത്തിലും മറ്റും പ്രതിനായകന്‍മാരുടെ, അഥവ വില്ലന്‍മാരുടെ, പ്രവര്‍ത്തികളാണല്ലോ നായക കഥാപാത്രത്തിനു മിഴിവേകുന്നത്. ആ ചുമതലയാണ് ഇവിടെ ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ നിര്‍വഹിക്കുന്നത്.
സ്വഭാവവൈചിത്ര്യങ്ങള്‍ പ്രപഞ്ച നിയമമാണ്. പ്രവര്‍ത്തികളല്ല യഥാര്‍ഥ മനുഷ്യന്‍. സാഹചര്യങ്ങളാണ് പ്രവര്‍ത്തിയ്‌ക്ക് ആധാരം. ദുഷ്പ്രവര്‍ത്തികളും സജ്ജന നിന്ദയും ചെയ്യുന്നവര്‍ക്കു നല്‍കുന്ന ശിക്ഷയിലൂടെ, അവരെ പാപക്കറ നീക്കി ശുദ്ധീകരിക്കുകയാണ് ഭഗവാന്‍ ചെയ്യുന്നത്. ചെളിപുരണ്ട വസ്ത്രം അലക്കി വെളുപ്പിക്കുന്നതിനു തുല്യമാണത്. എത്ര കുത്തലും പിഴിയലും തിരുമ്പലും സഹിച്ചാണ് അഴുക്കുവസ്ത്രം വീണ്ടും വെണ്‍മ നേടുന്നത്! ദുഷ്പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രഹരങ്ങളിലൂടെ അവരുടെ മനസ്സിനെ പ്രകാശത്തിലേയ്‌ക്കു നയിക്കുകയാണ് ഭഗവാന്‍. അതു തിരിച്ചറിയുന്നതുകൊണ്ടാണ് കംസനും ശിശുപാലനും പൂതനയുമൊക്കെ സംതൃപ്തമായ മനസ്സോടെ ഭഗവല്‍പാദങ്ങളില്‍ ചെന്നു ലയിക്കുന്നത്.
(മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില്‍ സഹ ആചാര്യന്‍ മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരിയുടെ പ്രഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: