ടെല്‍ അവീവ്: ഹമാസിന്റെ ഭീകാരാക്രമണത്തിന് തിരിച്ചടിയുമായി ഇസ്രായേല്‍. റഫയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 40 പാലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 65 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റഫയിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ടല്‍ അസ് സുല്താനിലെ ക്യാമ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ജബലിയ, നുസിരത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തി. ഹമാസ് ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച ടെല്‍ അവീവിലെ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഹെര്‍സ്ലിയ, പേറ്റാ ടിക്വ എന്നിവിടങ്ങളില്‍ റോക്കറ്റ് സൈറനുകള്‍ മുഴക്കുകയും പിന്നാലെ ഹമാസ് മിസൈല്‍ ആക്രമണം നടത്തുകയുമായിരുന്നു. പാലസ്തീനെ മൂന്ന് രാജ്യങ്ങള്‍ കൂടി അടുത്തിടെ അംഗീകരിച്ചിരുന്നു. അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് സജ്ജരാകാന്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരരും ഇസ്രായേലിന് മുന്നിറിയിപ്പ് നല്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹമാസ് ഗാസയില്‍ ആക്രമണം നടത്തിയത്. ഇസ്രായേല്‍-ലെബനന് അതിര്‍ത്തിയിലെ ഹിസ്ബുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിക്ക് തയാറായിരിക്കാന്‍ വടക്കന്‍ ഇസ്രായേലിലെ സൈനികരോട് നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. അതേസമയം ഇസ്രായേല്‍ റഫയില്‍ നടത്തിയ പ്രത്യാക്രമണത്തെ അപലപിച്ച് ഈജിപ്ത് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: