കേരളത്തിന്റെ ഭരണത്തില്‍ എക്‌സൈസിന്റെ ചുമതല വഹിച്ചിട്ടുള്ള മന്ത്രിമാരില്‍ അഴിമതിയുടെ കറ പുരളാതെ പോയവര്‍ വിരളമാണ്. യുഡിഎഫിന്റെ കാലത്ത് സ്വന്തം നിലയിലും എല്‍ഡിഎഫിന്റെ കാലത്ത് പാര്‍ട്ടിയുടെ പേരിലുമൊക്കെ പണം പറ്റുന്നത് സാധാരണമായിരുന്നു. അവസാന യുഡിഎഫ് സര്‍ക്കാരില്‍ എക്‌സൈസിന്റെ ചുമതല വഹിച്ചിരുന്ന കെ.എം.മാണിക്കെതിരെ ഇടതുമുന്നണി ഉന്നയിച്ച ആരോപണം ബാര്‍ക്കോഴയുടെതായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ വീതം കോഴ പറ്റിയെന്ന ആരോപണവുമായി കേരളത്തിലുടനീളം സമരം നടത്തി. ധനമന്ത്രിയായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍, അദ്ദേഹത്തെ തടയാന്‍, ഇ.പി.ജയരാജനും വി. ശിവന്‍കുട്ടിയുമൊക്കെ സ്പീക്കറുടെ പോഡിയം മറിച്ചിടുന്നതും മൈക്ക് അടിച്ചൊടിക്കുന്നതുമടക്കം നിയമസഭയില്‍ നടത്തിയ കലാപരിപാടി കേരളം മുഴുവന്‍ ലൈവായി കണ്ടു. പലതവണ പിണറായി സര്‍ക്കാര്‍ ശ്രമിച്ചിട്ടും അതിന്റെ കേസ് ഇനിയും പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടുമില്ല. കെ.എം.മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്നും മാണി കൈക്കൂലിക്കാരനാണെന്നുമുള്ള ആരോപണം ഉയര്‍ത്തിയെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാപമോചിതനാക്കി. മാണി ഗ്രൂപ്പ് ഇടതുമുന്നണിയില്‍ എത്തുകയും ചെയ്തു.
ഇപ്പോള്‍ ഏതാണ്ട് സമാനമായ അതേ ആരോപണം തന്നെയാണ് എക്‌സൈസ് മന്ത്രി എം ബി. രാജേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്. മാണിക്കെതിരെ ആരോപണം ഉയര്‍ത്തിയത് അന്നത്തെ ബാര്‍ ഹോട്ടല്‍ ഉടമയായ ബിജു രമേശ് ആണെങ്കില്‍ ഇപ്പോള്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദസന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ പോളിസി വരും. ഒന്നാം തീയതി െ്രെഡ ഡേ എടുത്തു കളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട് ഇതൊക്കെ ചെയ്തു തരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. രണ്ടരലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ അക്കാര്യം രണ്ടുദിവസത്തിനകം ഗ്രൂപ്പില്‍ ഇടുക. ഇതായിരുന്നു അനിമോന്റെ സന്ദേശം.
അനിമോന്റെ സന്ദേശം പുറത്തുവന്നതോടെ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ അന്വേഷണത്തിനായി എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്ക് പരാതി നല്‍കി മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്. സംഭവം പുറത്തുവന്നതോടെ കൂടുതല്‍ വെട്ടിലായത് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയാണ്. സംഘടനയുടെ രണ്ടു സംസ്ഥാന ഭാരവാഹികള്‍ ഇടതുമുന്നണിക്കാരാണ്. പ്രസിഡന്റ് സുനില്‍കുമാര്‍ തിരുവനന്തപുരത്ത് എസ്എഫ്‌ഐ നേതാവായി വളര്‍ന്ന് ബാര്‍ ഹോട്ടല്‍ ഉടമയായി മാറിയ ആളാണ്. ഇപ്പോള്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടും കൂടിയായ സുനില്‍ ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനും സംഘടനാ ബന്ധമുള്ള ആളുമാണ്. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ ട്രഷറര്‍ ബിനോയ് ജോസഫ് കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ചെയര്‍മാനാണ്. സ്‌കറിയാ തോമസ് വിഭാഗം ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്.
ഫെഡറേഷന് തിരുവനന്തപുരത്ത് പിഎംജിയില്‍ സ്ഥലം വാങ്ങാന്‍ വേണ്ടിയാണ് പിരിവ് നടത്തിയതെന്നായിരുന്നു അസോസിയേഷന്റെ വിശദീകരണം. പക്ഷേ മദ്യനയത്തെ സ്വാധീനിക്കാന്‍ പിരിവ് നടത്താന്‍ തീരുമാനിച്ചത് കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ആണെന്ന് അനിമോന്‍ വളരെ വ്യക്തമായി പറയുന്നു. പിരിക്കാന്‍ തീരുമാനിച്ച തുകയില്‍ മൂന്നിലൊന്നു മാത്രമേ കിട്ടിയുള്ളൂ എന്നതുകൊണ്ടാണ് രണ്ടര ലക്ഷം രൂപ വീതം തരാന്‍ ശബ്ദസന്ദേശം അയച്ചത്. ആരുടെയും ഒരു പൈസ പോലും പോവില്ലെന്ന് വളരെ വ്യക്തമായി സന്ദേശത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്. ഒരു ഹോട്ടല്‍ മാത്രമാണ് പണം നല്‍കിയതെന്നും അവരുടെ പേരും അനിമോന്റെ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം ചേര്‍ന്ന ഹോട്ടലുടമകളുടെ യോഗത്തില്‍ സ്ഥലം വാങ്ങുന്ന കാര്യം യോഗത്തിന്റെ അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല. ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ സ്ഥലം ഉടമയുമായുള്ള കരാര്‍ 30ന് അവസാനിക്കാനിരിക്കെ ബാക്കി കൊടുക്കേണ്ട തുകയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സംസ്ഥാന പ്രസിഡണ്ട് വി. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അംഗങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ഇത് ഉള്‍പ്പെടെ സംഘടനാവിഷയങ്ങള്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. പുതിയ മദ്യനയം എക്‌സൈസിന്റെ പരിശോധന വ്യവസായം നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് യോഗം എന്നാണ് പറഞ്ഞിരുന്നത്. ഇതോടെ സംസ്ഥാന പ്രസിഡന്റ് എക്‌സൈസ് മന്ത്രിയെയും ഇടതുമുന്നണിയെയും വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു എന്നകാര്യം വ്യക്തമായി. മാത്രമല്ല സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഐടി പാര്‍ക്കുകളില്‍ മദ്യവിതരണ ലൈസന്‍സ് നല്‍കാനും എല്ലാ മാസവും ഒന്നാം തീയതി െ്രെഡ ഡേ അഥവാ മദ്യവില്പന ഒഴിവാക്കിയ ദിവസങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റാനും ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണി വരെ ആക്കാനുമാണ് സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസമായി മുറുകെയിട്ട്. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്‌ക്ക് വന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരിക്കെ 2022 ലെ മദ്യനയത്തിലാണ് ഐടി പാര്‍ക്കുകളില്‍ മദ്യവിതരണ ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ബാംഗ്ലൂര്‍ പോലെയുള്ള വന്‍ ഐടി നഗരങ്ങളില്‍ ബിയര്‍ പബ്ബുകളും ബാറുകളും ഉണ്ടെന്ന് കാരണം പറഞ്ഞാണ് ഐടി പാര്‍ക്കുകളിലേക്ക് മദ്യം കൊണ്ടുവരാന്‍ ശ്രമിച്ചത്. ഐടി പാര്‍ക്കുകളിലെ ഡെവലപ്പര്‍ക്കോ കോഡെവലപ്പര്‍ക്കോ ലൈസന്‍സ് നല്‍കുമെന്നും അവര്‍ക്ക് ആരെ വേണമെങ്കിലും ഏല്‍പ്പിക്കാമെന്നുമാണ് ചട്ടത്തിന്റെ കരട് ഉണ്ടാക്കിയത്. എന്നാല്‍ ഡെവലപ്പര്‍ക്ക് മാത്രം ലൈസന്‍സ് മതി എന്നാണ് നിയമസഭാ സമിതിയുടെ ശുപാര്‍ശ. മദ്യനയത്തില്‍ ഇല്ലാത്ത ഒരുവിഭാഗം എന്ന നിലയില്‍ ഐടി പാര്‍ക്കുകള്‍ക്ക് മദ്യവിതരണത്തിന് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് നിയമത്തില്‍ തന്നെ ഭേദഗതി വേണ്ടിവരും. ജൂണ്‍ 10ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരുമെന്നാണ് പറഞ്ഞുകേട്ടത്. അതിനോടൊപ്പം െ്രെഡ ഡേ ഒഴിവാക്കുന്നതും ബാറുകളുടെ സമയക്രമം കൂട്ടുന്നതും പരിഗണിക്കാനാണ് ബാര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ പിരിവ് നടത്തിയത്.
കേരളത്തില്‍ ഇപ്പോള്‍ 920 ബാറുകളാണുള്ളത്. 2013-14 ല്‍ 720 ബാറുകളാണ് ഉണ്ടായിരുന്നത്. മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂട്ടത്തോടെ പൂട്ടുകയായിരുന്നു. 20 പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ 482 ബാറുകള്‍ ആണ് അന്ന് യുഡിഎഫ് പൂട്ടിയത്. അന്ന് പൂട്ടിയ 482 ബാറുകളും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തുറന്നു. കൂടാതെ 409 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു. ഒരുപക്ഷേ ഇടതുമുന്നണി വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞു വന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാറുകള്‍ ഉള്ള ഭരണകാലമായി പിണറായി വിജയന്റെ ഭരണകാലം മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബാര്‍ ഹോട്ടലുകളില്‍ നിന്ന് പിരിവ് നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്ഥിരീകരിക്കുകയും ചെയ്തതാണ്. പക്ഷേ പണം കിട്ടിയത് ആര്‍ക്കൊക്കെയാണെന്ന് ഇനിയും വ്യക്തമല്ല. നേരത്തെയും മദ്യലൈസന്‍സിന്റെ കാര്യത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലും പ്രതിപക്ഷത്തെയും ഭരണകക്ഷിയിലെയും പ്രമുഖ നേതാക്കള്‍ക്കും അന്നത്തെ ധനമന്ത്രി കെ എം മാണിക്കും പണം നല്‍കിയതായാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് കെ.എം.മാണി രാജിവെച്ചത്. മാണിയുടെ രാജിക്കുവേണ്ടി ഇടതുപക്ഷം നടത്തിയ സമരം ഓര്‍ക്കുമ്പോള്‍ അന്ന് ആരോപണത്തിനിരയായ യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാടാണ് താരതമ്യം ചെയ്യേണ്ടത്. ഒറ്റപ്പെട്ട ചില പ്രസ്താവനകള്‍ ഒഴികെ ആരോപണ വിധേയനായ മന്ത്രിയുടെ രാജിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തെലുങ്കാനയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ കവിതയും ഡല്‍ഹിയില്‍ ഉപ മുഖ്യമന്ത്രി സിസോദിയയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജയിലില്‍ പോയത് മദ്യനയത്തിന്റെ പേരില്‍ തന്നെയാണ്. ബാര്‍ അസോസിയേഷന്‍ പിരിച്ച 23 കോടിയോളം രൂപ ആരു വാങ്ങി? ആര്‍ക്കു കൊടുത്തു? ഇതിനെ സംബന്ധിച്ച് ഡയറക്ടറേറ്റും സിബിഐയും ആണ് അന്വേഷിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ മദ്യനയം എങ്ങനെയാണോ ദുരുപയോഗം ചെയ്തത് അതും കേരളത്തിലെ മദ്യനയവുമായി കാര്യമായ വ്യത്യാസമില്ല. യുഡിഎഫിന്റെ കാലത്തെ അഴിമതിയും എല്‍ഡിഎഫിന്റെ കാലത്ത് അഴിമതിയും തമ്മിലും വ്യത്യാസമില്ല.
ഒരു ബാര്‍ ഉടമ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് കെ.എം. മാണിക്കെതിരെ അന്ന് ഇടതുമുന്നണി സമരം നടത്തിയത്. അതേ സാഹചര്യം വീണ്ടും സംജാതമാകുമ്പോള്‍ ഇടതുമുന്നണിക്ക് എങ്ങനെ മന്ത്രിയുടെ രാജിയും അന്വേഷണവും ഇല്ലാതെ മാറിനില്‍ക്കാന്‍ കഴിയും? എന്ത് ന്യായീകരണമാണ് കേരളത്തിലെ പൊതുജനങ്ങളോട് എം വി. ഗോവിന്ദനും പിണറായിക്കും പറയാനുള്ളത്? ഏതായാലും കേരളത്തിലെ പൊതുസമൂഹത്തിന് ഒരുകാര്യം വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗം എന്നനിലയില്‍ മദ്യത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതേപോലെതന്നെ മദ്യവ്യാപാരികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളിലൂടെ കോഴപ്പണം തട്ടുന്നതില്‍ മുന്നണി വ്യത്യാസം ഇല്ല എന്നകാര്യം കൂടി ഇതില്‍ നിന്ന് വ്യക്തമാകുന്നു. ബാറുകള്‍, എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് മാത്രമല്ല, ഭരണം മാറിമാറി കയ്യാളുന്ന ഇടതുമുന്നണിക്കും വലുതു മുന്നണിക്കും ഒരേപോലെ പൊന്മുട്ടയിടുന്ന താറാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: