Kerala

ദിവ്യപ്രഭ മ്മ്ടെ തൃശൂര്‍ക്കാരി

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും.

തൃശൂര്‍: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. സിനിമയില്‍ കനിയോടൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളില്‍ അഭിനയിച്ച ദിവ്യപ്രഭ തൃശൂരില്‍ നിന്നും സിനിമാലോകത്ത് എത്തിപ്പെട്ട താരമാണ്.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്കാരം കിട്ടിയില്ലെങ്കിലും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍റ് പ്രീ പുരസ്കാരം നേടുകയും ചെയ്തു.

സിനിമയില്‍ ദിവ്യപ്രഭയും കനിയും

30 വർഷങ്ങൾക്കു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമാണ്. ഗ്രാൻഡ് ലൂമിയർ തിയേറ്ററില്‍ നടന്ന ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിറഞ്ഞ കയ്യടികളോടെയും എട്ട് മിനിറ്റ് നീണ്ട സ്റ്റാന്‍ഡിംഗ് ഒവേഷനോടെയുമാണ് സദസ്സ് ചിത്രത്തെ അഭിനന്ദിച്ചത്.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍

റെഡ് കാർപെറ്റിൽ നൃത്തം ചെയ്യുന്ന ദിവ്യ പ്രഭയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കൊക്കോ ബ്രൗൺ നിറത്തിലുള്ള ഗൗണിൽ അതിമനോഹരിയായാണ് ദിവ്യപ്രഭ റെഡ് കാർപെറ്റിലെത്തിയത്. ദിവ്യപ്രഭയ്‌ക്ക് വേണ്ടി ഈ മനോഹരമായ ഗൗൺ ഡിസൈൻ ചെയ്തത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. ബനാറസി ബോർഡർ ബ്രേലെറ്റും കൊക്കോ ബ്രൗൺ മഷ്രൂം സിൽക്ക് സ്കർട്ട് സെറ്റുമാണ് ദിവ്യ പ്രഭ അണിഞ്ഞത്.

മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്

ലോകോത്തര താരങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഗ്ലാമറസ് ലുക്കിൽ എത്തി നടി ദിവ്യ പ്രഭ റെഡ് കാർപെറ്റിൽ തന്റെ സാന്നിധ്യം അറിയിച്ചു. തൃശൂർ സ്വദേശിയാണ് ദിവ്യ പ്രഭ.

ദുഖത്തിനിടയില്‍ മധുരം

അച്ഛന്‍ പി.എസ്. ഗണപതി അയ്യര്‍ ഈയിടെ മരണപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു ദിവ്യപ്രഭയുടെ അമ്മ. അവാര്‍ഡിന്റെ മധുരം അമ്മ ലീലാമണിക്ക് ആശ്വാസമായി. കോഗ്നിസെന്‍റില്‍ എഞ്ചിനീയറായ ദിവ്യപ്രഭയുടെ സഹോദരി വിദ്യപ്രഭയുടെ കൂടെ അമ്മ ഇപ്പോള്‍ കോയമ്പത്തൂരിലാണ് താമസം. അവിടെ കേക്ക് മുറിച്ച് മകളുടെ സന്തോഷം അമ്മ ലീലാമണിയും സഹോദരി വിദ്യപ്രഭയും മറ്റുള്ളവരുമായി പങ്കുവെച്ചു. ദിവ്യപ്രഭയ്‌ക്ക് മറ്റൊരു സഹോദരി കൂടിയുണ്ട്. സന്ധ്യപ്രഭ. അവര്‍ ഇപ്പോള്‍ ദുബായിലാണ്.

തൃശൂരില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു അച്ഛന്‍ ഗണപതി അയ്യര്‍. കൊല്ലത്തെ സെന്‍റ് മാര്‍ഗരറ്റ് സ്കൂളില്‍ പഠിച്ച ദിവ്യപ്രഭ പിന്നീട് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളെജില്‍ നിന്നും ബിരുദമെടുത്തു. അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും നേടി. ഇപ്പോള്‍ കൊച്ചിയിലാണ് ദിവ്യപ്രഭ താമസിക്കുന്നത്.

ദിവ്യയുടെ സിനിമായാത്ര
മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന സിനിമയിലൂടെ ആണ് ദിവ്യപ്രഭ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് . പിന്നീട് ‘അറിയിപ്പ്’ എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധേയമായി. ‘ഈശ്വരൻ സാക്ഷിയായി’ എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിയ്‌ക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. തമാശ, കമ്മരസംഭവം, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും പ്രേഷകശ്രദ്ധ പിടിച്ചു പറ്റാൻ ദിവ്യപ്രഭക്കു സാധിച്ചു.

ദിവ്യപ്രഭയുടെ പ്രതികരണം

“കാന്‍സില്‍ എത്തിയപ്പോഴേ ഞങ്ങളുടെ സിനിമ മത്സരത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടായിരുന്നു. മികച്ച അഭിപ്രായമായിരുന്നു. സിനിമയുടെ സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരുടെ എട്ട് മിനിറ്റോളം നീണ്ട സ്റ്റാന്‍റിംഗ് ഒവേഷന്‍ ലഭിച്ചിരുന്നു. ‘അറിയിപ്പ്’ എന്ന മഹേഷ് നാരായണന്റെ സിനിമയിലെ അഭിനയം കണ്ടാണ് പായല്‍ കപാഡിയ ഈ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.  ഒഡീഷന് ശേഷമാണ് റോള്‍ കിട്ടിയത്. എട്ട് മാസത്തോളം ഇതിനായി വര്‍ക്ക് ചെയ്തു. വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടായിരുന്നു. അത് അഭിനയത്തെ സഹായിച്ചു”. – ദിവ്യപ്രഭ ഫ്രാന്‍സിലെ ഫെസ്റ്റിവല്‍ നടക്കുന്ന കാന്‍സില്‍ നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക