വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ വിക്ഷേപണം ജൂണ്‍ ഒന്നിന്. കഴിഞ്ഞ ദിവസം നാസ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ വിക്ഷേപണമുണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ജൂണ്‍ ഒന്നിന് പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12.25ന് ഫ്ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്നാണ് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ് നാസ ഈ ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹീലിയം ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് അറ്റ്ലസ് വി റോക്കറ്റിന്റെ സെന്റര്‍ അപ്പര്‍ സ്റ്റേജിലുള്ള ഒരു വാല്‍വ് മാറ്റിവച്ചതായി നാസ അറിയിച്ചു.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ, മുന്‍ യുഎസ് നാവികസേന ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍. മെയ് ആറിനാണ് പേടകത്തിന്റെ ആദ്യ വിക്ഷേണം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുമ്പ് ഇത് മാറ്റിവച്ചു. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. ആദ്യം 24 മണിക്കൂറിന് ശേഷം വിക്ഷേപണമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. പിന്നീട് രണ്ട് തവണകൂടി വിക്ഷേപണം മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: