പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ വിതരണം ചെയ്ത അഞ്ച് ലക്ഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. 2010 വരെ വിതരണം ചെയ്ത ഈ സര്‍ട്ടിഫിക്കറ്റുകള്‍ സാധുവാണെന്നും, 2011 നു ശേഷം ഇതുവച്ച് ജോലി സമ്പാദിച്ചവര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കോടതി വിധി പ്രകാരം മമതയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് മറ്റു പിന്നാക്ക വിഭാഗങ്ങളായി കണക്കാക്കിയിരുന്നവര്‍ക്ക് മാത്രമേ ആ പദവി ഉണ്ടായിരിക്കുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടിങ് നടക്കാനിരിക്കെയുള്ള ഹൈക്കോടതി വിധി മമത സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത. ഒബിസി സംവരണം ഇപ്പോഴത്തേതുപോലെ തുടരും എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. നിയമാനുസൃതം മേല്‍കോടതിയെ സമീപിക്കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാതെയുള്ള ഈ പ്രഖ്യാപനം കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കും. മമതയുടെ നിലപാട് ഹര്‍ജിക്കാര്‍ വിഷയമാക്കും എന്നുറപ്പാണ്. വിഷയം വീണ്ടും കോടതി കയറിയാല്‍ മമത വിയര്‍ക്കുമെന്നുറപ്പ്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ജാതികള്‍ക്കൊപ്പം മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തുകയാണ് മമത സര്‍ക്കാര്‍ ചെയ്തത്. 2011 ലായിരുന്നു ഇത്. ഇതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തതും, അവര്‍ക്ക് അനുകൂലമായും സര്‍ക്കാരിന് എതിരായും വിധിയുണ്ടായിരിക്കുന്നതും.
മതസംവരണം ഭരണഘടനാ വിരുദ്ധമണ്. സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്കു കാരണം ജാതിയാണെന്ന് കണ്ടെത്തിയാണ് ഭരണഘടനയില്‍ പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും ജാതീയമായ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ്. മതം ഇതില്‍ പരിഗണനാ വിഷമായിരുന്നില്ല. എന്നിട്ടും സംഘടിതരായ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ടുനേടുന്നതിനുവേണ്ടി ഇക്കൂട്ടര്‍ക്കും കോണ്‍ഗ്രസ്സിന്റെയും ചില പ്രാദേശികകക്ഷികളുടെയും സര്‍ക്കാരുകള്‍ മതപരമായ സംവരണം നല്‍കുകയായിരുന്നു. പല കോടതികളും ഇത് നിരാകരിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നിട്ടും മതപ്രീണനം രാഷ്ട്രീയ ആയുധമാക്കിയിട്ടുള്ള പാര്‍ട്ടികള്‍ വീണ്ടും ഈ നിയമവിരുദ്ധ നടപടി തുടരുകയായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ അനുകൂലിക്കുന്നത് വിവാദത്തിന് വഴിവച്ചിരുന്നു. കോടതികള്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ റദ്ദാക്കിയാലും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവുമെന്നതാണ് കപട മതേതരവാദികളും ഹിന്ദു വിരുദ്ധരുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ദുഷ്ടലാക്ക്. ഇതേ സ്ഥാപിത താല്‍പ്പര്യം തന്നെയാണ് മമതാ ബാനര്‍ജിക്കും ഉണ്ടായിരുന്നത്. പശ്ചിമബംഗാളിലെ ഒബിസി വിഭാഗങ്ങളുടെ പട്ടികയില്‍ മുസ്ലിങ്ങളും കയറിപ്പറ്റിയിട്ടുണ്ടെന്ന് പിന്നാക്ക ജാതികള്‍ക്കുള്ള നാഷണല്‍ കമ്മീഷനും (എന്‍സിബിസി) കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ അവരെക്കാള്‍ കൂടുതല്‍ മുസ്ലിം വിഭാഗങ്ങള്‍ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. എന്‍സിബിസി നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് ഇത് വ്യക്തമായത്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതസംവരണം ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി യോഗങ്ങളില്‍ ഈ പ്രശ്നം ഉന്നയിച്ചു. പട്ടികജാതി-വര്‍ഗങ്ങള്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കുമുള്ള സംവരണം കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും മുസ്ലിങ്ങള്‍ക്ക് നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ചിലര്‍ വിവാദമാക്കിയെങ്കിലും ഇതു സംബന്ധിച്ച വസ്തുതകള്‍ പുറത്തുവന്നതോടെ ബിജെപി വിരുദ്ധര്‍ പ്രതിക്കൂട്ടിലായി. മുഴുവന്‍ സംവരണവും മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെടുന്ന ആര്‍ജെഡിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പറഞ്ഞതിനെ പ്രധാനമന്ത്രി മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിക്കൂട്ടിലായ ലാലുവിന് തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് മതസംവരണത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്. ഈ വസ്തുത ചൂണ്ടിക്കാട്ടിയതോടെ സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ ഇതിന്റെ അപകടം മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലിങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കുന്നത് റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധി കേരളത്തിനും ബാധകമാണ്. കേരളത്തിലും കാലങ്ങളായി മുസ്ലിങ്ങള്‍ ഒബിസി സംവരണാനുകൂല്യം അനുഭവിക്കുകയാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ ഈ നടപടി നിയമപരമായി ചോദ്യം ചെയ്യാനുള്ള അവസരമാണ് കല്‍ക്കട്ട ഹൈക്കോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: