എറണാകുളം ജില്ലയില്‍ പിറവത്തിനും മൂവാറ്റുപുഴയ്ക്കും ഇടയ്ക്ക് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഒരു ക്ഷേത്രമാണ് രാമമംഗലം പെരുംതൃക്കോവില്‍. ഏറ്റവും ഉയരമുള്ള കൊടിമരവും ഏറ്റവും ചെറിയ കൊടിമരവുമുള്ള ക്ഷേത്രം എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും തച്ചുശാസ്ത്രപ്രകാരം ശ്രീകോവില്‍ അടക്കമുള്ള ക്ഷേത്രഗാത്രത്തിന്റെ വിലിപ്പവും ഇതര പ്രത്യേകതകളുമാണ് തൃക്കോവിലിനെ പെരുംതൃക്കോവിലാക്കുന്നത്. ഇരുനില വട്ടശ്രീകോവില്‍, കൂറ്റന്‍ ചുറ്റുമതില്‍, വിളക്കുമാടം, ആനപ്പന്തല്‍, വലിയബലിക്കല്‍പ്പുര, തെക്കുപടിഞ്ഞാറ് അറപ്പുരയെന്ന ദേവസ്വം കൊട്ടാരം, കൂത്തമ്പലം, ഊട്ടുപുര എന്നിവകൊണ്ട് രാജപ്രൗഢിയാണ് ക്ഷേത്രം നിലകൊള്ളുന്നത്. അനശ്വര സംഗീതജ്ഞന് ഷഡ്കാല ഗോവിനന്ദമാരാന് തുടങ്ങി നിരവധി കലാകാരന്മാര്ക്ക് ജന്മം നല്കിയ നാട്ടിലാണ് ഈ പുരാതന ക്ഷേത്രം. നരസിംഹവും ഉപപ്രതിഷ്ഠ ഉണ്ണി ഭൂതവും (ശൈവ സങ്കല്പത്തിലാണ് ഉണ്ണിഭൂതം) ആണ് പ്രധാന പ്രതിഷ്ഠ.
ഐതീഹ്യം
പണ്ട് കേരളം ഭരച്ചിരുന്ന ചേരമന്‍ പെരുമാളാണ് ക്ഷേത്രം നിര്‍മിച്ചത്. പ്രതിഷ്ഠയും പ്രതിഷ്ഠയോടനുബന്ധിച്ചുള്ള കലശാഘോഷങ്ങളും കഴിഞ്ഞ അവസരത്തില്‍ പ്രതിഷ്ഠയ്ക്ക് ഒരു ശക്തി പൂജ നടത്തണമെന്ന് പെരുമാളും മറ്റ് നമ്പൂതിരിമാരും തീരുമാനം എടുത്തു. അതിനായി ഒന്‍പത് പേര് ബിംബത്തിന് ചുറ്റും കൂടിയിരുന്ന് വേണം ശക്തിപൂജ നടത്താന്‍ എന്നും തീരുമാനമായി. ഇതിനായി ഊരാളന്മാരായ നമ്പൂതിരിമാര്‍ തയ്യാറെടുപ്പുകള്‍ നടത്തി. അപ്പോള്‍ പെരുമാളിനും ഒരാഗ്രഹം തനിക്കും കൂടി ഇതില്‍ പങ്കെടുക്കണമെന്ന് ‘ പക്ഷേ തങ്ങള്‍ക്കൊപ്പം പെരുമാളെയും പങ്കെടുപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. പെരുമാള്‍ അത് അംഗീകരിക്കുകയും ചെയ്തു. പകരമായി ദേവന്റെ പാദത്തില്‍ ബന്ധിച്ച് ഒരു നീളമുള്ള ദര്‍ഭപുല്ല് മാത്രം തനിക്കു വേണ്ടി ഓവുദ്വാരത്തിലൂടെ പുറത്തേക്കിട്ടു തരികയും പുറത്തിരുന്ന് താന്‍ പുല്ലിന്മേല് തൊട്ട് ശക്തിമന്ത്രം ജപിച്ചു കൊള്ളാം എന്ന് പെരുമാള്‍ അറിയിച്ചു. ആവശ്യം അംഗീകരിച്ച നമ്പൂതിരിമാര്‍ അകത്ത് പൂജ തുടങ്ങി. പൂജ അവസാനിക്കുന്നതിന് മുമ്പായി പ്രധാന പൂജാരി ദര്‍ഭപുല്ലിന്റെ ബന്ധം വിടുവിച്ചു. ഇത് മനസ്സിലാക്കിയ പെരുമാള്‍ താന്‍ ജപിച്ച് കഴിഞ്ഞ കലശം പുല്ല് പൊട്ടിച്ച് താന്‍ ജപിച്ച ശക്തി ഇവിടെ ഇരിക്കട്ടെ എന്നു പറഞ്ഞു വെന്നും അങ്ങനെ ആ സങ്കല്‍പ്പത്തില്‍ ഒരു പ്രതിഷ്ഠ ഉണ്ടായി എന്നുമാണ് വിശ്വാസം ‘ അതുകൊണ്ട് ഉണ്ണിഭൂതം ഓവുങ്കല്‍ ഭൂതം എന്നും അറിയപ്പെടുന്നു.
നാളികേരം തുളിക്കല്‍
ഉണ്ണിഭൂതത്തിന് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വഴിപാടാണ് നാളികേരം തുളിക്കല്‍. കൂടാതെ കുന്നിക്കുരു, മഞ്ചാടിക്കുരു എന്നിവയൊക്കെയാണ് മറ്റ് വഴിപാടുകള്‍’ കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതികള്‍ ഉണ്ണിഭൂതത്തിന് വഴിപാട് നേരുകയും കുട്ടികള്‍ ഉണ്ടായ ശേഷം അവരെ അടിമ കിടത്തുകയും മഞ്ചാടിക്കുരു വാരി ഇടിയ്ക്കുക തുടങ്ങിയ ചടങ്ങുകളും ചെയ്യാറുണ്ട്. പ്രധാന വഴിപാട് തേവര്‍ക്ക് പാല്‍പ്പായസം ആണ്. ദിവസവും അഞ്ച് പൂജ, മൂന്ന് ശീവേലി, രാവിലെ ത്രിമധുരം ഗണപതിഹോമം എന്നിവ ദിവസവും മുടക്കമിപ്പാതെ നടന്നുവരുന്നു.
രണ്ട് കൊടിമരങ്ങള്‍
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഇവിടുത്തെ ആണ്. 23 മീറ്റര്‍ ആണ് ഉയരം. ഉണ്ണിഭൂതത്തിനും കൊടിമരം ഉണ്ട്. അതിന്റെ ഉയരം ആറേകാല്‍ കോല് ആണ്. ഇതിന്റെ പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. 1992 ല്‍ വേഴപ്പറമ്പ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കൊടിമരം പ്രതിഷ്ഠിച്ചത്. തലേ ദിവസം രാത്രി വേഴപ്പറമ്പ് തിരുമേനിക്ക് സ്വപ്നദര്‍ശനം ഉണ്ടായി. ഉണ്ണിഭൂതം അദ്ദേഹത്തിന് സ്വപ്നദര്‍ശനം കൊടുത്ത് പറഞ്ഞുവത്രെ തനിക്കും ഒരു കൊടിമരം വേണമെന്ന് ‘ അങ്ങനെയാണ് ഉണ്ണിഭൂതത്തിനും കൊടിമരം പ്രതിഷ്ഠിച്ചത്. മേടമാസത്തിലാണ് ഇവിടത്തെ പത്ത് ദിവസത്തെ ഉത്സവം. വിഷുവിന്റെ അന്ന് വിഷുവിളക്കും മൂന്നാം ദിവസം വലിയ വിളക്കും പിറ്റേ ദിവസം ആറാട്ടും. അതിന് എട്ട് ദിവസം മുമ്പാണ് ഉത്സവം തുടങ്ങുന്നത്.
ആനപ്പള്ള മതില്
ഇവിടത്തെ ചുറ്റു മതിലിനും ഏറെ പ്രത്യേകതകളുണ്ട്. ആനപ്പള്ള മതില് എന്നാണ് പറയുക. മാത്രമല്ല ആനപ്പന്തലും പ്രത്യേകതകള്‍ നിറഞ്ഞതാണ്.
മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ മേളം നടത്തുമ്പോള്‍ മേളത്തിന് നല്ല മിഴിവ് ഉണ്ടെന്നാണ് മേളപ്രമാണികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അത് ഈ ആനപ്പന്തലിന്റെ നിര്മാണവൈവിധ്യം ആയി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: