ന്യൂദല്‍ഹി: ബിജെപിക്ക് വിജയം ഉറപ്പായ സ്ഥിതിക്ക് ജൂണ്‍ നാലിന് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാമുന്നണിയോട് കയ്യില്‍ ധാരാളം വെള്ളം കരുതിക്കോളൂ എന്ന് തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജൂണ്‍ നാലിന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നറിയുമ്പോള്‍ ശരീരവും മനസ്സും വരളുമ്പോള്‍ നനയ്‌ക്കാന്‍ വെള്ളം അത്യാവശ്യമാണെന്നതിനാലാണ് അത് കയ്യില്‍ കരുതാന്‍ പറയുന്നതെന്നും പ്രശാന്ത് കിഷോര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ബിജെപി 300 അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചതോടെ പ്രശാന്ത് കിഷോറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി വിരുദ്ധരും വന്‍തോതില്‍ ട്രോളുകള്‍ ഇറക്കുകയാണ്. ഇതിനോട് പ്രതികരണമെന്ന നിലയിലാണ് ജൂണ്‍ നാലിന് കയ്യില്‍ വെള്ളം കരുതിക്കോളൂ എന്ന പോസ്റ്റുമായി വീണ്ടും പ്രശാന്ത് കിഷോര്‍ എത്തിയിരിക്കുന്നത്.
മോദി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നും 2019ല്‍ നേടിയ അത്ര സീറ്റുകളോ അതിലധികം സീറ്റുകളോ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. തന്റെ പ്രവചനം പലരെയും അസ്വസ്ഥരാക്കിയെന്നും അതിനാലാണ് പലരും തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തതാണ് പ്രതിപക്ഷത്തിന്റെ ഇന്ത്യാമുന്നണിയുടെ പ്രധാന ദൗര്‍ബല്യമായതെന്ന് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു. അധികാരം ലഭിച്ചാല്‍ ഇന്ത്യാമുന്നണിക്ക് അഞ്ച് വര്‍ഷത്തില്‍ അഞ്ച് പ്രധാനമന്ത്രിയായിരിക്കുമെന്ന് ബിജെപിയും പരിഹസിച്ചിരുന്നു. 295നും 315നും ഇടയില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും അധികാരത്തില്‍ വീണ്ടും വരുമെന്നും അമേരിക്കയിലെ രാഷ്‌ട്രീയതന്ത്രജ്ഞനായ ബ്രെമ്മര്‍ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: