തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്നത് ഡല്‍ഹി മോഡല്‍ ബാര്ക്കോഴയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയന് രാജിവച്ചൊഴിയുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കോടികളാണ് സര്‍ക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാര്‍ ഉടമ അസോസിയേഷന് നേതാവിന്റെ ശബ്ദരേഖ ഈ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നു. മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയാണ്. ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സര്‍ക്കാരിന് സമാന രീതിയിലാണ് എല്‍ഡിഎഫും മുന്നോട്ട് പോകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി ബാര്‍ക്കോഴ കേസില്‍ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണച്ചത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്.കേരളത്തിന്റെ സാമൂഹ്യജീവിതം തകര്‍ക്കുന്ന ബാര്‍ക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: