കോട്ടയം: ശമ്പളം ലഭിക്കാതെ വന്നതോടെ നെട്ടോട്ടമോടി ഡയറ്റ് ജീവനക്കാര്‍. ഡയറ്റിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമാണ് ശമ്പളം ലഭിക്കാതെ വന്നതോടെ ജീവിതം പ്രതിസന്ധിയിലായത്.
ഏപ്രില്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മാര്‍ച്ച് മാസത്തെ ശമ്പളം മുടങ്ങിയെങ്കിലും ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തെ ശമ്പളം പഴയപടി മുടങ്ങി. ശമ്പളത്തിനായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 60 ശതമാനം തുക കേന്ദ്രസര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. പണം ചിലവഴിക്കലുമായി ബന്ധപ്പെട്ട കണക്ക് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വിഹിതവും ഡയറ്റിലേക്ക് നല്കാന് സാധിക്കുന്നില്ല. ഇതോടെയാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ വിഹിതം കൃത്യമായി നല്‍കുന്നതാണ്, സംസ്ഥാനം കണക്കുകള്‍ നല്‍കാത്തത് എന്താണെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. പ്രതിസന്ധി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും സെക്രേട്ടറിയറ്റിലെ ധനകാര്യ വിഭാഗത്തില്‍ നിന്നും യാതൊരു വിവരവും ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
അധ്യാപകര്‍ക്ക് പുറമേ പാര്‍ട്ട് ടൈം സ്വീപ്പര്‍, ഓഫീസ് അറ്റന്‍ഡര്‍, ക്ലാര്‍ക്ക്, ജൂനിയര്‍ സുപ്രണ്ട് തുടങ്ങി പത്ത് അനധ്യാപകരാണ് ഓരോ ഡയറ്റിലും ജോലിചെയ്യുന്നത്. ശമ്പളം
അടിയന്തരമായി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: