വെള്ളറട: ഡോക്ടര്‍മാരുടെ സേവനലഭ്യതക്കുറവും രോഗികളുടെ ബാഹുല്യവും മൂലം വീര്‍പ്പുമുട്ടുകയാണ് മലയോര പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങള്‍. പ്രധാന സ്ഥാപനങ്ങളായ വെള്ളറട ആനപ്പാറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവിധ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സേവനം തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്. പ്രദേശത്ത് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സമയം നിര്‍ധനരായ രോഗികള്‍ കാത്തിരിപ്പ് ചികിത്സയ്ക്ക് വിധേയമാക്കപ്പെടുക പതിവാണ്.
തെക്കന്‍ മലയോര പ്രദേശത്തെ വനവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന വെള്ളറട ആരോഗ്യ കേന്ദ്രം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടിട്ടും പ്രവര്‍ത്തത്തില്‍ ഉയര്ച്ചയുണ്ടാകുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അതേ നിലയില്‍ തന്നെയാണ്. മുഴുവന്‍ സമയ ഒപിയുള്ളതിനാല് ദിവസേന ഒട്ടേറെ രോഗികള്‍ ഒപിയിലെത്തുന്നുമുണ്ട്. പരാതികളുയരുമ്പോള്‍ കുറച്ചു ദിവസത്തേക്ക് ഒന്നോ രണ്ടോ ഡോക്ടര്‍മാരെ അധിക ഡ്യൂട്ടിക്ക് എത്തിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയാത്ത നിര്‍ധനരായ രോഗികള്‍ എത്തുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും ഉള്‍പ്പെടെ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടാകാറുള്ളത്. ഡ്യൂട്ടി ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉള്ളതിനാല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ പലപ്പോഴും ഒപിയിലെ ഡ്യൂട്ടിക്ക് എത്താറില്ല.
ബാക്കിയുള്ളവരില്‍ ചിലര്‍ അവധിയെടുത്താന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന നിലയിലാണ്. രാവിലെ ഒമ്പതുമണി മുതല്‍ രണ്ടുമണി വരെ നീളുന്ന ഒപിയില്‍ മൂന്നും ഉച്ചയ്ക്ക് ഒരാളും രാത്രി മറ്റൊരു ഡോക്ടറുടെയും സേവനമാണ് ലഭിക്കേണ്ടതെങ്കിലും പലപ്പോഴും ഇതു ലഭ്യമാകാറില്ല. കിടത്തി ചികിത്സയെയും ഇത് ബാധിക്കുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം വെള്ളറട, അമ്പൂരി, ആര്യങ്കോട്, ഒറ്റശേഖരമംഗലം, ഗ്രാമപഞ്ചായത്തുകളിലെ രോഗികളുടെ ആശ്രയകേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: