തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രീമിയം എസി ബസ് സര്‍വ്വീസ് ആരംഭിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് സെക്രട്ടേറിയറ്റ് മുതല്‍ തമ്പാനൂര്‍ വരെ ബസ് ഓടിച്ചാണ് ഉദ്ഘാടനം ചെയ്തത്. സൂപ്പര്‍ഫാസ്റ്റില്‍ നിന്നും നേരിയ നിരക്ക് വര്‍ധനവാണ് എസി ബസിനെന്ന് ഗണേഷ്കുമാര് പറഞ്ഞു.
സീറ്റ് നിറഞ്ഞാല്‍ പിന്നെ മറ്റു സ്റ്റാന്റുകളില്‍ നിര്‍ത്താതെ വേഗത്തില്‍ പോകാന്‍ കഴിയുന്ന തരത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്. എസിക്ക് എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനല്‍ തുറക്കാന്‍ കഴിയും. ബസില്‍ ക്യാമറയുണ്ടാകും. ബസ് സ്റ്റേഷനുകളില്‍ വെറുതേ കയറി ഇറങ്ങുന്നത് ജനത്തിന് ബുദ്ധിമുട്ടാണ് അതിനാല്‍ 20 രൂപ അധികം നല്കി റിസര്‍വ് ചെയ്താല്‍ വഴിയില്‍ നിന്ന് കയറാം. സ്റ്റാന്‍ഡിലേക്ക് പോകേണ്ടതില്ല.
ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്താനായി കൂടുതല്‍ ചെറിയ ബസുകള്‍ വാങ്ങുമെന്ന് മന്ത്രി പറഞ്ഞു. കടം വാങ്ങാതെ പരമാവധി ബസുകള്‍ വാങ്ങാനാണ് ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് പണി തീരാതെ കിടക്കുന്ന കെട്ടിടങ്ങള്‍ കടകള്‍ വാടകയ്ക്ക് കൊടുക്കും. എസി സീറ്ററിന്റെ മിനിമം നിരക്ക് 60 രൂപയും സാധാരണ സൂപ്പര്‍ഫാസ്റ്റിന്റെ നിരക്ക് 22 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: