കൊച്ചി: രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.
ലീലാവതിയുടെ ആ വാക്കുകള്‍:”അമ്മയ്ക്ക് 69 തികഞ്ഞിരുന്നില്ല. ഒരു തലവേദന അമ്മയെ വല്ലാതെ അലട്ടുന്നുവെന്ന് അനുജന്റെ കത്ത് കിട്ടിയ ഉടനെ മാര്‍ച്ച് 15ന് ഞാന്‍ ചെന്നു. അമ്മയുടെ ഡോക്ടര്‍ നെന്മിനി ഇല്ലത്തെ ഡോ. ഭട്ടതിരിപ്പാടിനെ കണ്ടു. എറണാകുളത്ത് കൊണ്ടുപോയി ഒരു ചെക്കപ്പ് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലിസ്സി ആസ്പത്രിയിലെ ഒരു ഡോക്ടര്‍ കത്തും തന്നു.
അന്ന് ചൊവ്വാഴ്ച. ഡോ. ഭട്ടതിരിപ്പാടിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ എറണാകുളത്തേക്ക് പോരാമെന്ന് അമ്മ സമ്മതിച്ചു. ഒരു മിനിറ്റ് കളയാതെ വീട്ടിന്റെ പടിക്കല്‍ (തമ്പുരാSet featured imageന് പടി എന്ന ജംഗ്ഷന്) തന്നെയുള്ള ടാക്സി വിളിച്ച് അനുജനെയും ഭാര്യയെയും കൂട്ടി പുറപ്പെട്ടു. ആലുവായില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നീണ്ട ജാഥ. തിരഞ്ഞെടുപ്പ് പ്രചാരണഘോഷം. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ട ക്യൂവും. നല്ല ചൂട്. പെട്ടെന്ന് അമ്മ ഛര്‍ദ്ദിച്ചു. ഇടത്തും വലത്തുമിരുന്ന എന്റെയും മണി (അനുജന്റെ ഭാര്യ)യുടെയും അമ്മയുടെയും വസ്ത്രങ്ങള്‍ മാറാതെ നേരെ ആസ്പത്രിയില്‍ പോകാന്‍ തരമില്ലെന്ന് വന്നു.
ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ തിരിച്ചെത്തി. മുപ്പെട്ടു ചൊവ്വാഴ്ചയായി അമ്മയെ കൊണ്ടുവന്നതിനെപ്പറ്റി ചെറിയമ്മ നസ്യം പറഞ്ഞു. അത് അമ്മ കേട്ടു. ഇപ്പോള്‍ പോവേണ്ട പിന്നെയാവാം എന്നായി അമ്മ. എന്റെ ഭര്‍ത്താവ് ഉടനെ എറണാകുളത്ത് പോയി ഡോ. മാങ്കായില്‍ രാമന്‍കുട്ടിപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി തലവേദന കൂടി. ഡോ.പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം തന്നെയാണ് ആസ്പത്രിയില്‍ നിന്നും ആംബുലന്‍സ് വരുത്തിയതും അഡ്മിറ്റ് ചെയ്യാന്‍ ഒത്താശകള്‍ ചെയ്ത് തന്നതും.
കോണ്‍ഗ്രസ് ജാഥ, ട്രാഫിക് ജാം, ഛര്‍ദ്ദി ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ നേരെ ആസ്പത്രിയില്‍ എത്തുമായിരുന്നു. എങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന തോന്നല്‍ എനിക്കൊരു തീരാവ്യഥയായി ശേഷിച്ചു. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെപ്പറ്റി പരിതപിച്ചിട്ടെന്തുകാര്യം എന്ന ചിന്ത ഒരിയ്ക്കലും ആശ്വാസം നല്‍കിയില്ല.
അമ്മ ഇന്ദിരാഗാന്ധിയുടെ ആരാധികയായിരുന്നു. കോണ്‍ഗ്രസില്‍ അംഗത്വം നേടി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഒരു സാമാന്യ സ്ത്രീ. പാര്‍ട്ടിക്ക് വേണഅടി കായക്ലേശം മാത്രമല്ല, പണച്ചെലവ് കൂടി വഹിക്കാന്‍ മടിയില്ലാത്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തക. അമ്മയ്ക്ക് ഒരു വലിയ ആപത്തുവന്നപ്പോള്‍ അത് പാര്‍ട്ടിയിലെ അംഗത്വത്തോട് ബന്ധപ്പെട്ടതായിരുന്നിട്ട് കൂടി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. കോണ്‍ഗ്രസ് റാലി തന്നെയാണ് ആസ്പത്രിയിലേക്കുള്ള അമ്മയുടെ വഴിമുടക്കിയതെന്ന വസ്തുതയിലെ ഐറണി ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?”
കോണ്‍ഗ്രസിന് ഓഫീസ് പണിയാന്‍ ഗുരുവായൂരില്‍ സ്ഥലം കൊടുത്തപ്പോള്‍ നല്ലതുപോലെ കായ്ക്കുന്ന ഒരു തെങ്ങ് മുറിക്കരുതെന്ന വ്യവസ്ഥയോടെയാണ് ലീലാവതിടീച്ചര്‍ നല്‍കിയത്. പക്ഷെ ഓഫീസ് ഉദ്ഘാടനത്തിന് അവിടെ ചെന്നപ്പോള്‍ മുറിച്ചുമാറ്റപ്പെട്ട തെങ്ങ് കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും ലീലാവതിടീച്ചര്‍ പറയുന്നു.
ഡോ.എം. ലീലാവതിയുടെ പുറത്തിറങ്ങുന്ന പുതിയ പുസ്തകമായ ധ്വനിപ്രയാണം എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് മേല്‍ വിവരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച ആഘാതങ്ങള്‍ നിറയെ അവര്‍ വിവരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: