തിരുവനന്തപുരം: കരുതല്‍ തടങ്കല്‍, നാടുകടത്തല്‍ നടപടികളില്‍ ഉണ്ടാകുന്ന രാഷ്‌ട്രീയ ഇടപെടലുകളാണ് ഗുണ്ടാവിളയാട്ടം ഇത്രമേല്‍ ശക്തമായതിനു പിന്നിലെന്ന് പൊലീസില്‍ നിന്നു തന്നെ ആക്ഷേപമുയരുന്നു. ഗുണ്ടകളെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കാനോ നാടുകടത്താനോ പോലീസില്‍നിന്ന് ശുപാര്‍ശ ഉണ്ടായാല്‍ അതില്‍ നടപടിയെടുക്കാന്‍ കളക്ടര്‍മാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ഈ വര്‍ഷം 21 ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കാന്‍ നിര്‍ദേശിച്ച് കോട്ടയം പോലീസ് മേധാവി നല്‍കിയ പട്ടികയില്‍ ജില്ലാ കളക്ടര്‍ തീരുമാനമെടുത്തത് ഒരാളുടെ കാര്യത്തില്‍ മാത്രമാണ്. മുന്‍പ് 96 പേരുടെ പട്ടിക നല്‍കിയെങ്കിലും 19 പേരെ മാത്രമാണ് കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ അനുമതി നല്‍കിയത്. മലയാളി പോലുമല്ലാത്ത ജില്ലാ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടാകേണ്ട കാര്യമില്ല. അതു കൊണ്ടു തന്നെ രാഷ്‌ട്രീയമായ ഇടപെടലാണെന്ന് വ്യക്തമാണ്. അതേ പോലെ ജില്ലയില്‍ നിന്ന് നാടുകടത്താനുള്ള 76 പേരുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ അധികാരപ്പെട്ട ഡിഐഎജി തീരുമാനമെടുത്തത് 37 പേരുടെ കാര്യത്തില്‍ മാത്രമാണ്. ഇതിനുമുന്‍പ് 205 പേരുടെ പട്ടിക നല്‍കിയെങ്കിലും 161 പേരെ നാടുകടത്താന്‍ മാത്രമാണ് ഡിഐജി അനുവദിച്ചത്
ഇത്തരത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ കളക്ടര്‍മാര്‍ക്കും ഡിഐജിമാര്‍ക്കും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പൊഴും പാടെ തള്ളിക്കളയുകയാണ് പതിവ്. അതല്ലെങ്കില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കും.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 555 പേരെ വിവിധ ജില്ലകളില്‍ നാടുകടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും 372 പേരെ മാത്രമാണ് നാടുകടത്തിയത്. രാഷ്‌ട്രീയ സമ്മര്‍ദ്ദവും ഗുണ്ടകളുമായുള്ള വഴിവിട്ട ബന്ധവുമാണ് ഇത്തരത്തില്‍ പോലീസ് മേധാവിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പിടിച്ചുവയ്‌ക്കുന്നതിനോ തള്ളിക്കളയുന്നതിനോ ഡിഐജിമാരെയും ജില്ലാ കളക്ടര്‍മാരെയും പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നിസഹകരണം ഗുണ്ടകള്‍ക്കെതിരായ നടപടിയില്‍ നിന്ന് ജില്ലാ തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: