റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി. റിയാദ് ഗവർണറേറ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത് സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണം സെർട്ടിഫൈഡ് ചെക്കായി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണോ അതോ കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണോ എന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും.
പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ എംബസിയും സഹായ സമിതിയും. ഇക്കാര്യത്തിൽ ഗവർണറേറ്റിെൻറ അറിയിപ്പുണ്ടായാൽ ഉടൻ ദിയ ധനമായ 1.5 കോടി സൗദി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) പണം സമാഹരിക്കാൻ നേതൃത്വം നൽകിയ ട്രസ്റ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും.
തുടർന്ന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ തുക സെർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് എംബസി നൽകും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പ്രധാനഘട്ടം പൂർത്തിയാകും.
പിന്നീട് ഇരു വിഭാഗത്തിന്റെയും അഭിഭാഷകര്‍ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും. അപ്പോഴേക്കും ഗവർണറേറ്റിൽ നിന്ന് രേഖകൾ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകും.
റിസര്‍വ്വ് ബാങ്ക് അനുമതി ആവശ്യമില്ല
വളരെ ചുരുങ്ങിയ സമയത്തിലാണ് റഹിമിന്റെ മോചനത്തിനുള്ള ദിയാ ധനമായി നല്‍കാനുള്ള 34 കോടി രൂപ ലോകമെമ്പാടുമുള്ള മലയാളികള്‍ സംഭാവനയായി നല്‍കിയത്. ഇത്രയും തുക നല്‍കുന്നതിന് മുന്‍പ് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഇക്കാര്യത്തില്‍ പച്ചക്കൊടി വീശി. 50 കോടി രൂപയില്‍ അധികം നല്‍കേണ്ട സന്ദര്‍ഭത്തില്‍ മാത്രമേ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമുള്ളൂ എന്നായിരുന്നു വിശദീകരണം. 34 കോടി രൂപ കൈമാറുന്നതില്‍ നിയമതടസ്സമില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഇന്ത്യന്‍ എംബസിയെ അറിയിച്ചതോടെ തടസ്സങ്ങള്‍ നീങ്ങി. 2006ലാണ് റഹിം ജയിലിലാകുന്നത്. റഹിം നോക്കിയിരുന്ന അംഗപരിമിതിയുള്ള കുട്ടി അബദ്ധത്തില്‍ മരണപ്പെട്ടതാണ് റഹിമിന്റെ അറസ്റ്റില്‍ കലാശിച്ചത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: