കോട്ടയം : പാല നഗരസഭയില്‍ ഭരണമുന്നണിക്കുളളില്‍ തന്നെ ചെളിവാരിയെറിയലിന് കാരണമായ കാണാതായ എയര്‍പോട് പൊലീസിന് ലഭിച്ചു. എന്നാല്‍ ആരാണ് എയര്‍പോഡ് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.സ്വകാര്യത കണക്കിലെടുത്താണിതെന്നാണ് വിവരം.
പാല നഗസഭ ഭരിക്കുന്ന എല്‍ഡിഎഫില്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തും മോഷണവുമെല്ലാമുണ്ട്. ഒരു എയര്‍പോഡ് മോഷണമാണ് എല്‍ഡിഎഫിന് കുറച്ചുകാലമായി കീറാമുട്ടിയായിരിക്കുന്നത്. കുറെ കാലം മുമ്പ് കാണാതെ പോയ എയര്‍പോഡ് ഇപ്പോള്‍ ലഭിച്ചതോടെ വിഷയം വീണ്ടും സജീവമായി.
കൗണ്‍സില്‍ ഹാളില്‍ വച്ചാണ് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ എയര്‍പോഡ് കാണാതായത്. ഇതോടെ ഒപ്പമുള്ള സിപിഐഎം കൗണ്‍സിലര്‍ ബിനു പിളിക്കകണ്ടമാണ് എയര്‍പോഡ് മോഷ്ടിച്ചതെന്ന് ജോസ് പറഞ്ഞു. ബിനുവിന്റെ വീട്ടില്‍ എയര്‍പോഡ് ലൊക്കേഷന്‍ കാണിച്ചതിന്റെ തെളിവുകളും ജോസ് ചീരാങ്കുഴി പുറത്തുവിട്ടു. ഇതോടെ കേസ് പൊലീസിന് മുന്നിലെത്തി.
എയര്‍പോഡ് ലഭിച്ച ഒരാള്‍ പൊലീസിന് കഴിഞ്ഞ ദിവസം ഇത് കൈമാറി .എന്നാല്‍ ഇതാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സിപിഐഎം കൗണ്‍സിലര്‍ ബിനു പിളിക്കകണ്ടം തന്നെയാണ് എയര്‍പോഡ് കാണാതായതിന് പിന്നിലെന്നാണ് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ വിവരങ്ങള്‍ പൊലീസ് പുറത്ത് വിടണമെന്നും ആവശ്യമുണ്ട്. എന്നാല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് സിപിഎം കൗണ്‍സിലര്‍ പറയുന്നത്. കൗണ്‍സില്‍ യോഗം 22 ന് ചേരുമ്പോള്‍ വിഷയം വീണ്ടും സജീവ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: