പാറ്റ്ന: സീതാദേവിക്ക് ഒരു ‘മഹാക്ഷേത്രം’ നിര്‍മ്മിക്കുമെന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പുറാലിയിലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോടെ സീതാമര്‍ഹി വീണ്ടും ദേശീയ ശ്രദ്ധയിലേക്കു വരുന്നു. അവിടെ നിലവിലുള്ള ക്ഷേത്രത്തിന് ചുറ്റുമുള്ള 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീരാമ ജന്മഭൂമിയില് മഹാക്ഷേത്രം നിര്‍മ്മിച്ചതോടെ സീതാദേവിയുടെ ജന്മഭൂമിയായ സീതാമര്‍ഹിയിലും മഹാക്ഷേത്രം വേണമെന്ന ഭക്തരുടെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ സാക്ഷാത്കരിക്കപ്പെടുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
‘രാമന് അയോധ്യ എന്താണോ അത് സീതയ്ക്ക് സീതാമര്‍ഹിയാണ്. ഹിന്ദുക്കളുടെ പുണ്യഭൂമിയാണിത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നു, സീതയുടെ ജന്മസ്ഥലവും സന്ദര്‍ശിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. സീതാമഹരിയില്‍ സീതയ്ക്ക് അനുയോജ്യമായ ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കുകയാണ് ലക്്ഷ്യം’ അദ്ദേഹം പറഞ്ഞു.
ബീഹാര്‍ സര്‍ക്കാരും അടുത്തിടെ സീതാദേവിയുടെ ജന്മസ്ഥലത്തിനായി 72 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.
‘സര്‍ക്കാരിന് ക്ഷേത്രം പണിയാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ വലിയൊരു ക്ഷേത്രം നിര്‍മിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് സാധ്യമാക്കാനാണ് നിലവിലുള്ള ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പുനര്‍വികസനത്തിനായി മുമ്പ് ഏറ്റെടുത്ത 16.63 ഏക്കറിന് പുറമെ് 50 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എസ് സിദ്ധാര്‍ത്ഥും നേരത്തെ വ്യക്്തമാക്കിയിരുന്നു. അയോദ്ധ്യയിലെന്ന പോല വലിയ തോതില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി ഹോട്ടല്‍, പൊതു സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെയും സജ്ജീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: