കോട്ടയം: മഴ കനത്തതോടെ മലയോരമേഖല ആശങ്കയില്‍. ഇതുവരെ കനത്ത വേനലിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മലയോര ജനത ഇപ്പോള്‍ പെരുമഴയുടെ ദുരിതത്തിലേക്ക് വഴുതുകയാണ്. മീനച്ചില്‍ താലൂക്കിലെ മൂന്നിലവ്, തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആറിന്‌റെ കൈവഴികളും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും ഗതാഗതം മുടങ്ങി.
വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കിഴക്കന്‍ മേഖല ഭീതിയിലാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പതിവായിട്ടുള്ള ഈ മേഖലയില്‍ നിന്ന് പലരും ബന്ധുവീട്ടിലേക്ക് മാറിത്തുുടങ്ങി. മഴ തീവ്രമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചുറപ്പില്ലാത്തതും ദുര്‍ബലമായ മേല്‍ക്കരയുള്ളതുമായ വീടുകളിലുള്ളവര്‍ മാറി താമസിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം. പൊതു സ്ഥലങ്ങളില്‍ നില്‍ക്കുന്ന ഇത്തരം മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്‌ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. മലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം ഒഴിവാക്കണം. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുത കമ്പികളും പോസ്റ്റുകളും വീഴാനുള്ള സാധ്യത കൂടുതലാണ് . അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന് കണ്‍ട്രോള്‍ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലോ അറിയിക്കണം.
പുലര്‍ച്ചെ ജോലിക്ക് പോകുന്ന പത്രം, പാല്‍ വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: