ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തിനെതിരെയുള്ള പരാമർശങ്ങളെ പുതിയ പരിഹാസത്തിലേക്ക് ഉയർത്തിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്ഥാന് വേണ്ടി പാടുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് അദ്ദേഹം നടത്തിയത്.
പാകിസ്ഥാന് വേണ്ടി പാടുന്നവർ പാകിസ്ഥാനെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടോ ? പിന്നെ എന്തിനാണ് ഈ രാജ്യത്തിന് ഭാരമാകുന്നത്, അവിടെ പോയി യാചിക്കു എന്ന് ഉത്തർപ്രദേശിലെ മഹോബയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുപി മുഖ്യമന്ത്രി പറഞ്ഞു.
പാകിസ്ഥാനിൽ ആറ്റം ബോംബുകളുണ്ടെന്ന് പറഞ്ഞ് ഇൻഡി സഖ്യ നേതാക്കൾ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. പാക്കിസ്ഥാന്റെ പക്കൽ ആറ്റം ബോംബുകളുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഞങ്ങളുടെ പക്കലുണ്ടോ എന്നും യോഗി ചോദിച്ചു.
പരമാധികാര രാഷ്ട്രമായതിനാൽ പാക്കിസ്ഥാനെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് ഒരു അഭിമുഖത്തിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ അടുത്തിടെ നടത്തിയ പരാമർശങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും അവരുടെ ജീവിതം മികച്ചതാക്കിയെന്നും മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ഇത് പാകിസ്ഥാനിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
തിങ്കളാഴ്ച തിരഞ്ഞെടുപ്പ് റാലിക്കിടെ യുപി മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും രാമ വിദ്വേഷികൾ എന്ന് യോഗി വിശേഷിപ്പിച്ചിരുന്നു.
രാമവിദ്വേഷികൾ അസന്തുഷ്ടരാണ്. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്ന് അവർ പറയുന്നു. രാമഭക്തർക്ക് നേരെ വെടിയുതിർക്കാറുണ്ടായിരുന്നു. അവരുടെ കാലത്ത് രാജ്യത്ത് തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുകയും തീവ്രവാദികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: