Kerala

രാജ്യസഭാ സീറ്റ്: കേരള കോണ്‍ഗ്രസ് (എം) പ്രതിസന്ധിയില്‍

Published by

കോട്ടയം: രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിസന്ധിയിലാക്കും. ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവരുടെ ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

കൈവശമുണ്ടായിരുന്ന സീറ്റ് ലഭിക്കാതെ വന്നാല്‍ ഇടതുമുന്നണിയിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. പ്രാദേശിക തലത്തില്‍ മിക്കയിടത്തും സിപിഎമ്മുമായി തര്‍ക്കമുണ്ട്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി മത്സരിച്ച കോട്ടയം ലോക്‌സഭാ സീറ്റില്‍ തിരിച്ചടി ഉണ്ടായാല്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാകും.

ഒഴിവ് വരുന്ന സീറ്റിനായി സിപിഐയും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തിലെ ധാരണ.

യുഡിഎഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്കണമെന്ന് മുന്നണി യോഗത്തില്‍ ഉന്നയിക്കാനുമാണ് തീരുമാനം. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിലൂടെയാണ് സീറ്റ് ഇടതുമുന്നണിയില്‍ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. സിപിഎം ഇത് നിഷേധിച്ചപ്പോള്‍ രാജ്യസഭാ സീറ്റ് പരിഗണിക്കാമെന്ന് ഉറപ്പു നല്കിയിരുന്നതായാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ഒഴിവ് വരുന്ന സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എമാരുടെ എണ്ണം സിപിഐക്കാണ് കൂടുതല്‍. അതിന്റെ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് സിപിഐക്കുള്ളത്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലേക്ക് എത്തിയപ്പോള്‍ മുതല്‍ വലിപ്പച്ചെറുപ്പ കാര്യത്തില്‍ സിപിഐ- കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ ജോസ് കെ. മാണിക്കും സംഘത്തിനും അധികം വിലപേശാനാവില്ല.

കോട്ടയത്ത് പരാജയപ്പെടുകയും രാജ്യസഭാ സീറ്റ് കിട്ടാതെയും വന്നാല്‍ അണികളെ തൃപ്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ഏറെ പണിപ്പെടേണ്ടതായും വരും. ഇടതുമുന്നണിയില്‍ സിപിഎം ആണ് അവസാനവാക്ക്. സീറ്റിനായി ഇരുപാര്‍ട്ടികള്‍ തര്‍ക്കിച്ചാലും സിപിഎം നേതൃത്വത്തിന്റെ നിലപാടാകും നടപ്പാക്കുകയെന്നത് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്കറിയാം.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ കോട്ടയത്ത് കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പാലാ നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും സിപിഎം- കേരള കോണ്‍ഗ്രസ് എം തര്‍ക്കം പരിഹാരമാകാതെ നിലനില്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by