മങ്കൊമ്പ് : പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം ആഴ്ചകളായി പലയിടത്തും മുടങ്ങിയിട്ടും ജില്ലാ ഭരണകൂടവും അധികൃതരും നോക്കുകുത്തി. കര്‍ഷകരെ ചൂഷണം ചെയ്യുന്ന മില്ലുകാരെ പിന്തുണയ്ക്കുന്ന സമീപനമാണ് പാഡി ഓഫീസര്‍മാര്‍ അടക്കം സ്വീകരിക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. കാര്യമായ പരാതികള്‍ ഇല്ലാതെ നടന്ന നെല്ലു സംഭരണം വിളവെടുപ്പിന്റെ അവസാനഘട്ടത്തിലാണ് താറുമാറായത്.
കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ പല പാടശേഖരങ്ങളിലും കൊയ്ത നെല്ല് രണ്ടാഴ്ചയിലധികമായി സംഭരിക്കാതെ കിടക്കുകയാണ്. വേനല്‍ക്കാലത്തും ഈര്‍പ്പത്തിന്റെയും കറവലിന്റെയും പേരില്‍ മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നുണ്ട്.
ക്വിന്റലിനു 10 കിലോഗ്രാമാണു കിഴിവ് ആവശ്യപ്പെടുന്നത്. കിഴിവ് നല്‍കാമെന്നു പറഞ്ഞിട്ടു പോലും മില്ലുകാര്‍ നെല്ലു സംഭരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി. അഞ്ചു കിലോ വരെ കിഴിവ് നല്കാന് തയ്യാറായിട്ടും മില്ലുകാര്‍ പിടിവാശി തുടരുകയാണെന്നാണ് പരാതി. നെല്ലില്‍ പതിരിന്റെയും കറവലിന്റെയും അളവു കൂടിയെന്നും നഷ്ടമുണ്ടാകുന്നതിനാലാണു നെല്ലു സംഭരിക്കാത്തതെന്നുമാണു മില്ലുകാരുടെ വാദം. വേനല്‍മഴയില്‍ നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവു കൂടാനും കൂടുതല്‍ മഴ നനഞ്ഞാല്‍ വിത്ത് കിളിര്‍ക്കാനും ഇടയാക്കും.
മഴ കാരണം ദിവസം ചെല്ലുന്തോറും കറവല്‍ കൂടുന്ന അവസ്ഥയുമുണ്ട്. അത് ഒഴിവാക്കാന്‍ തൊഴിലാളികളെ വച്ചു ദിവസവും നെല്ല് ചിക്കി ഉണക്കുകയാണ്. ദിവസവും ആയരിക്കണക്കിന് രൂപയുടെ അധികചെലവാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 കിലോഗ്രാം അരി സപ്ലൈകോയ്ക്കു തിരികെ നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാല്‍ ലാഭം കിട്ടില്ലെന്ന കാരണം പറഞ്ഞ് പല മില്ലുകാരും സംഭരണത്തില്‍ നിന്ന് പിന്മാറുകയാണ്.
തലവടി മകരച്ചാല്‍ പാടശേഖരം, അമ്പലപ്പുഴ കാട്ടുങ്കല്‍, പനച്ചിത്ര പാടശേഖരം, ചെന്നിത്തല എട്ടങ്കരപാടശേഖരം, മാന്നാര്‍ നാലുതോട് എന്നീ പാടശേഖരങ്ങള്‍ വേഴപ്രാ അഞ്ചുമനക്കല്‍ ആശാരിപറമ്പ് തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്രയും വേഗം പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയാകും കര്‍ഷകര്‍ക്ക് സംഭവിക്കുക. ആയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് പല പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: