ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക മിതത്വമാര്‍ന്ന ഫലം പുറപ്പെടുവിച്ചത് ഓഹരി വിപണിയെ ഉയര്‍ത്തി. ലോഹ രംഗത്തെ പോസിറ്റീവ് ഘടകങ്ങളും ഓഹരി രംഗത്തെ ഉണര്‍ത്തി. ചൊവ്വാഴ്ച സെന്‍സെക്സ് 341 പോയിന്റ് ഉയര്‍ന്ന് 73,116ല്‍ അവസാനിച്ചു. നിഫ്റ്റി 119 പോയിന്റ് ഉയര്‍ന്ന് 22,222 പോയിന്റില്‍ അവസാനിച്ചു. സെന്‍സെക്സ് 73000ന് മുകളിലും നിഫ്റ്റി 22,200നും മുകളില്‍ നിലകൊള്ളുന്നത് വിപണിക്ക് വരും ദിവസങ്ങളില്‍ പോസിറ്റീവാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ നിലയില്‍ നിന്നും താഴെ വീണാല്‍ അത് വലിയ തിരിച്ചടികള്‍ക്ക് വഴിവെക്കും. മിഡ്, സ്മാള്‍ കാപ് ഓഹരികളാണ് ചൊവ്വാഴ്ച കൂടുതല്‍ തിളങ്ങിയത്.
അദാനി ഓഹരികള്‍ക്ക് തിളക്കം
മികച്ച നാലാം സാമ്പത്തിക പാദ ഫലത്തിന്റെ അടിസ്ഥാനത്തില്അദാനി ഓഹരികളുടെ വില ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസും അദാനി പവറും അഞ്ച് ശതമാനത്തില്‍ അധികം ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ് 156 രൂപ ഉയര്‍ന്ന് 3037ല്‍ അവസാനിച്ചു.
പവര്‍ (ഊര് ജ്ജം) രംഗത്തെ കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍, എസ് വിജെഎന്, അദാനി പവര്‍, എന്‍എച്ച് പിസി, ഇന്‍ഡോവിന്‍ഡ് എനര്‍ജി, കെപിഐ ഗ്രീന്‍ എനര്‍ജി, ജയ്പ്രകാശ് പവര്‍ വെഞ്ചേഴ്സ്, ഓറിയന്റ് ഗ്രീന്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരികള്‍ നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. ഓട്ടോ രംഗത്തെ ഓഹരികളും ഉയര്‍ന്നു. എയ് ഷര് മോട്ടോഴ്സ് (1.57 ശതമാനം), മഹീന്ദ്ര ആന്റ് മഹീന്ദ്ര (3.93 ശതമാനം), ഹീറോ മോട്ടോകോര്‍പ് (3.24 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു. പഞ്ചസാര മില്ലുകളുമായി ബന്ധപ്പെട്ട ഓഹരികള്‍ ഉയര്‍ന്നു ബജാജ് ഹിന്ദുസ്ഥാന്‍ (3.5 ശതമാനം), പൊന്നി ഷുഗേഴ്സ്, (3.1 ശതമാനം), കോതാരി ഷുഗേഴ്സ് (2.9 ശതമാനം), ത്രിവേണി എഞ്ചിനീയറിംഗ് (2.9 ശതമാനം), ബന്നാരി അമ്മന്‍ (1.95 ശതമാനം)ശ്രീരേണുക ഷുഗേഴ്സ് (1.9 ശതമാനം) എന്നിങ്ങനെ വില ഉയര്‍ന്നു.
മികച്ച ഉല്പാദനം; ലോഹവില ഉയരുന്നു
ലോകത്തെ മികച്ച സമ്പദ്ഘടനയുള്ള രാജ്യങ്ങളിലെല്ലാം ലോഹ ഉല്പാദനം വര്‍ധിച്ചതോടെ ലോഹവില ഉയരുകയാണ്. ഇത് ഇന്ത്യയിലെ ലോഹമേഖലയിലെ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. ചൈനയിലെ ഷാങ് ഹായ് വിപണിയില്‍ ലോഹവില ഏറ്റവും ഉയര്‍ന്ന നിലയിലാണ്, സ്റ്റീല്‍, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വില ഉയര്‍ന്നു. ലണ്ടന്‍ മെറ്റല്‍ എക്സ് ചേഞ്ചില്‍ കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് അടയാളപ്പെടുത്തിയത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചെമ്പ് വില കുതിച്ചുയരുമെന്നാണ് സിറ്റി ബാങ്ക് പ്രവചനം. സിങ്ക്, ടിന് വിലയും ഉയരുമെന്ന് കരുതുന്നു.
കഴിഞ്ഞ എട്ട് ദിവസത്തെ വ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത എന്നീ ലോഹ കമ്പനികളുടെ ഓഹരിവിലയില്‍ 37 ശതമാനം ഉയര്‍ന്നിരുന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ 55 ശതമാനം ഉയര്‍ന്നു. ചൊവ്വാഴ്ചയും ഓഹരി വില ഉയര്‍ന്നു. ഹിന്‍ഡാല്‍കോ(2 ശതമാനം) ജെഎസ് ഡബ്ല്യു സ്റ്റീല്‍(2.2 ശതമാനം), ടാറ്റാസ്റ്റീല്‍ (0.6ശതമാനം), നാഷണല്‍ അലൂമിനിയം (6.7 ശതമാനം), വേദാന്ത (4.5 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.
പൊതുവേ ഫാര്‍മ ഓഹരികള്‍ തകര്‍ന്നു- സിപ്ല, ലൂപിന്, ഓറോഫാര്മ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു. അതേ സമയം ആരതി ഫാര്‍മ 18 ശതമാനം ഉയര്‍ന്നു.
റെയില്‍വേ കമ്പനി ഓഹരി വിലയില്‍ കുതിപ്പ്
റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികള്‍ കുതിപ്പ് തുടരുകയാണ്. റെയില്‍ വികാസ് നിഗം എന്ന കമ്പനിയുടെ ഓഹരി ചൊവ്വാഴ്ച 6 ശതമാനം ഉയര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നും 239 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് ഓഹരി വില ഉയരാന്‍ കാരണമായത്.
റെയില്‍ ടെല്‍(9.5 ശതമാനം), ഇര്‍കോണ്‍ (ഏഴ് ശതമാനം) എന്നിങ്ങനെ ഓഹരി വില ഉയര്‍ന്നു. ഐആര്‍സിടിസി, ബിഇഎംഎല്‍, ടിറ്റഗാര് വാഗണ്‍ എന്നീ ഓഹരിവിലകള്‍ 4.5 ശതമാനം ഉയര്‍ന്നു.
കൊച്ചിന് ഷിപ് യാര്‍ഡ് കുതിക്കുന്നു
ചൊവ്വാഴ്ച 9.6 ശതമാനത്തോളമാണ് കൊച്ചിന് ഷിപ് യാര്‍ഡ് ഓഹരി കുതിച്ചത്. ഇതിന് കാരണം യൂറോപ്പില്‍ നിന്നും ലഭിച്ച 1000 കോടിയുടെ ഓര്‍ഡര്‍ ആണ് ഓഹരി വില ഉയര്‍ത്തിയത്. ഇപ്പോള്‍ കൊച്ചിന് ഷിപ് യാര്‍ഡ് ഓഹരി വില 1,310 രൂപയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: