ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ ആർ.രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. തുടർച്ചയായി 25 വർഷത്തെ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു. സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. രാജേന്ദ്രകുമാറും മറ്റു നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിർത്തു വേട്ടുരേഖപ്പെടുത്തി. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാർ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇരുന്നൂറിലധികം പേർ അടുത്തിടെ സിപിഎം വിട്ട് സിപിഐയിൽ ചേരുകയും ചെയ്തു.
എന്നാൽ അവിശ്വാസം കൊണ്ടുവന്നത് പാർട്ടിയുടെ അറിവോടെ അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ സിപിഐ പ്രവർത്തകർ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ദുർബലന്മാർ എന്തും ചെയ്യുമെന്നും സിപിഐയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: