ന്യൂദല്‍ഹി: സ്വന്തം രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ്, സുഹൃത്തായ പാകിസ്ഥാന്‍ പറയുന്നതെങ്കിലും അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് മണ്ണില്‍ ഭാരത സേന വ്യോമാക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടത്തിയ കാര്യം പാക് നേതാക്കള്‍ പാര്‍ലമെന്റില്‍ സമ്മതിച്ചതാണെന്ന് പ്രധാനമന്ത്രി നെറ്റ്‌വര്‍ക്ക് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മിന്നലാക്രമണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ പ്രതിരോധ സേനയോട് കടുത്ത വെറുപ്പാണ്. അവര്‍ സൈനിക മേധാവിയെ ‘തെരുവ് ഗുണ്ട’ എന്ന് വിളിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിച്ചു. സൈന്യത്തെ കുറിച്ച് ഇത്തരം വികലമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക. പാകിസ്ഥാന്‍ പോലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നില്ലെന്ന് പറയില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതം വ്യോമാക്രമണങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടത്തുമ്പോള്‍ തങ്ങള്‍ നിസഹായരായി നോക്കി നില്‍ക്കുകയാണെന്ന് പാക് മന്ത്രിമാര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് സര്‍ക്കാരിനെയോ രാജ്യത്തിന്റെ സുരക്ഷാ സേനയെയോ വിശ്വസമില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരുടെ സുഹൃത്തായ പാകിസ്ഥാന്‍ പറയുന്നതെങ്കിലും കേള്‍ക്കണം, പ്രധാനമന്ത്രി പറഞ്ഞു.
400 സീറ്റെന്നത് വെറും മുദ്രാവാക്യമല്ല
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400ലധികം സീറ്റുകള്‍ നേടുമെന്ന് പറയുന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്നും, യാഥാര്‍ത്ഥ്യമാകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് 140 കോടി ജനങ്ങളാണുള്ളത്. സ്ത്രീകളും, യുവാക്കളും, ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം നിര്‍ണായകവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ പ്രക്രിയയില്‍ പങ്കാളിയാവുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതില്‍ അവര്‍ മുന്‍കൈയെടുക്കുന്നത് ഏറെ പ്രശംസനീയമാണ്. 400 സീറ്റുകള്‍ എന്നത് എന്‍ഡിഎയ്‌ക്ക് വെറുമൊരു മുദ്രാവാക്യമല്ല.
യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കാര്യമാണ്. എന്‍ഡിഎയ്‌ക്ക് 400 സീറ്റുകള്‍ ലഭിക്കില്ല എന്ന പ്രതിപക്ഷ വാദം പരിഹാസ്യമാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവ് മത്സരിക്കാന്‍ തയാറാകാതെ നേരെ രാജ്യസഭയിലേക്ക് പോയിരിക്കുകയാണ്. രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നതോടെ വയനാട്ടില്‍ നിന്നും മുങ്ങാനാണ് അടുത്ത നേതാവ് നോക്കുന്നത്. അമേഠിയില്‍ മത്സരിക്കാന്‍ ധൈര്യമില്ല. ഞാന്‍ നേരത്തെ പറഞ്ഞതെല്ലാം സത്യമായി. ജനങ്ങളെ സേവിക്കുക എന്നതിലല്ല അവരുടെ ശ്രദ്ധ. അതിന് അവര്‍ക്ക് താത്പര്യവുമില്ല. സ്വന്തം കുടുംബത്തില്‍ മാത്രമാണ് അവര്‍ക്ക് എല്ലാക്കാലത്തും താത്പര്യം. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: