ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ശ്രമം മെല്ലെ വിജയത്തിലേക്ക്. അതിന്റെ ഏറ്റവും വലിയ ഉദാഹണമാണ് റഷ്യ ഇന്ത്യന്‍ രൂപ വാങ്ങി എണ്ണ തരാന്‍ തീരുമാനിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലാണ് ഇതിന് അനുകൂലമായ വഴിയൊരുക്കിയത്.
നേരത്തെ ഇന്ത്യ-റഷ്യ വ്യാപാരത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും റഷ്യയ്ക്ക് വാങ്ങാന്‍ കാര്യമായി ഒന്നും ഇല്ലാത്തതിനാല്‍ റഷ്യയുയെ കൈവശം രൂപ കുമിഞ്ഞുകൂടുകയായിരുന്നു. ഈ രൂപ ചെലവഴിക്കാന്‍ കഴിയാതെ വിഷമിച്ച റഷ്യ പിന്നീട് ഇന്ത്യന്‍ രൂപ വാങ്ങി ഇടപാട് നടത്താന്‍ താല്പര്യമില്ലെന്ന് ഇന്ത്യയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഈയിടെ റിസര്‍വ്വ് ബാങ്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ്. ഇന്ത്യന്‍ രൂപയില്‍ തുക വാങ്ങി എണ്ണ നല്‍കുക വഴി കയ്യില്‍ കുമിഞ്ഞുകൂടുന്ന ഇന്ത്യന്‍ രൂപ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് സമ്മതിച്ചിരിക്കുകയാണ്. ഇത് വഴി റഷ്യയ്ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും ഇന്ത്യയിലെ കടപ്പത്രങ്ങള്‍ വാങ്ങാനും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരിക്കുകയാണ്.
പൊതുവേ യുഎസ് ഡോളര്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുടെ കറന്‍സികളുമായി തട്ടിച്ചുനോക്കിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറെക്കുറെ സുസ്ഥിരമാണ്. ഇപ്പോള്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ രൂപയില്‍ വ്യാപാരം നടത്താന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ രംഗത്ത് റഷ്യ ചേര്‍ന്നതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂപയ്ക്ക് പ്രാധാന്യം കൈവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: