കൊച്ചി: സംസ്ഥാനത്തു വൈദ്യുതി വിതരണം കാലവര്‍ഷത്തില്‍ താറുമാറായി കേരളം ഇരുട്ടില്‍ ആകുമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന ഭാരവാഹി യോഗം സര്‍ക്കാരിനു മുന്നറിയിപ്പ് നല്കി. കേരളത്തിലെ വൈദ്യുതി വിതരണ മേഖലയില്‍ പ്രീമണ്‍സൂണ്‍ മെയിന്റനന്‍സുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
കാലപ്പഴക്കം ചെന്ന വൈദ്യുതി ലൈനുകള്‍ ജീര്‍ണാവസ്ഥയിലാണ്. സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതും റിട്ടയര്‍മെന്റ് നടന്ന തസ്തികകളില്‍ ഒഴിവുകള്‍ നികത്താതെ വന്നതും വിസ്തൃത ഏരിയകള്‍ ഉള്ള സെക്ഷന്‍ ഓഫീസുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര ഗ്രാന്‍ഡുകള്‍ നഷ്ടമാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണമായി.
കടുത്ത വേനല്‍ക്കാലത്ത് ട്രാന്‍സ്ഫോമറുകളില്‍ ഉണ്ടായ ഓവര്‍ലോഡ് മൂലം700ല്‍ അധികം ട്രാന്‍സ്ഫോമറുകളാണ് കേടുപാട് വന്നിട്ടുള്ളത്. ഈ ട്രാന്‍സ്ഫോമറുകളില്‍നിന്നു വൈദ്യുതി സപ്ലൈ ലഭിച്ചിരുന്ന കണ്‍സ്യൂമേഴ്സിനെ മറ്റ് ട്രാന്‍സ്ഫോമറുകളിലെ ലൈനുകളിലേക്ക് മാറ്റിയിട്ടുള്ളത് മൂലം ട്രാന്‍സ്ഫോമറുകള്‍ക്ക് അധികം ലോഡ് താങ്ങേണ്ട അവസ്ഥ നിലവിലുണ്ട്. ഫണ്ട് നല്‍കാത്തത് മൂലം ടച്ചിങ് ജോലികളും പ്രതിസന്ധിയിലായിട്ടുണ്ട്.
യോഗത്തില്‍ യൂണിയന് സംസ്ഥാന പ്രസിഡന്റ് മധുകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, വര്‍ക്കിങ് പ്രസിഡന്റ് അനില്‍ വി. ആര്, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ , പിഎസ് മനോജ് കുമാര്‍, സതീഷ് കുമാര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: