വെള്ളറട: കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് സഞ്ചാരികളുടെ പറുദീസയാകാന്‍ വെള്ളറടയുടെ മലയോര സൗന്ദര്യമായ പ്ലാങ്കുടിക്കാവ് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളാകുന്നു. കൂനിച്ചി കൊണ്ടകെട്ടി മലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാളിമലയ്ക്കും കുരിശുമലയ്ക്കും സമീപത്തായാണ് പ്ലാങ്കുടിക്കാവ് വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വലിയ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിക്കുന്നുണ്ട്.
വെള്ളറട ഗ്രാമപഞ്ചായത്ത് ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് ആരംഭിച്ച പ്ലാങ്കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ക്ക് ഏറെക്കാലത്തിനു ശേഷം തുടക്കമായി. ഗ്രാമപഞ്ചായത്ത് പദ്ധതിക്കുവേണ്ടി ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ അനുവദിച്ചു നിര്‍മാണം തുടങ്ങി. ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കാനാണ് ആദ്യ പണികള്‍ തുടങ്ങിയത്. പണി തുടങ്ങിയതിനു പിന്നാലെ പദ്ധതി തുടങ്ങിയ സ്ഥലത്തെ നെടുംപാറ സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് എടുത്തതാണെന്നും ഇവിടെ നിര്‍മാണം നടത്താന്‍ കഴിയില്ലെന്നും വാദം ഉയര്‍ന്നു.
ഇതിനിടെ സ്വകാര്യ വ്യക്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്റ്റേയുമായി രംഗത്തെത്തി. സ്ഥലം എംഎല്‍എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍. പദ്ധതി പ്രാവര്‍ത്തികമായാല്‍ ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനയിടമാകും പ്ലാങ്കുടിക്കാവ്.
ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് പ്ലാങ്കുടിക്കാവ്. ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ഇവിടെ സ്വകാര്യ ജൈവകലാശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതലമുറയ്ക്ക് പ്രകൃതിയേയും പരിസ്ഥിതിയേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാങ്കുടിക്കാവിലെ ജൈവകലാശാല ആരംഭിച്ചത്. അഞ്ഞൂറോളം ഔഷധ സസ്യങ്ങളും മരക്കൂട്ടങ്ങളും ചേര്‍ന്ന് ജൈവസമ്പന്നമാണ് ജൈവകലാശാല. നിരവധി ഔഷധ ഗുണങ്ങളുളള തുളസിയുടെ 30ല്‍ പരം വൈവിധ്യമായ ഇനങ്ങളാണ് ജൈവകലാശാലയിലെ ഔഷധ സസ്യത്തോട്ടത്തിലെ പ്രധാനി. കാലിലെ ആണി രോഗങ്ങളുടെ ശമനത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാല, കഷായത്തിന് ഉപയോഗിക്കുന്ന കരിങ്കുറിഞ്ഞി, എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്ന ചുമന്ന കയ്യോന്നി, അഗസ്ത്യാര്‍കുടത്തിന്റെ താഴ്വരയില് കണ്ടുവരുന്ന മൃതസഞ്ജീവനി തുടങ്ങി നിരവധി ഔഷധ സസ്യങ്ങള്‍ ജൈവകലാശാലയുടെ ശേഖരത്തിലുണ്ട്. ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നതിനായി മനോഹരമായ പൂന്തോട്ടത്തിന്റെ നിര്‍മാണവും നടക്കുന്നുണ്ട്. ഭാവിയില്‍ ഔഷധ സസ്യത്തോട്ടവും വിപുലീകരിക്കും.
പ്ലാങ്കുടിക്കാവ് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്ന വശ്യമനോഹരമായ ഒരു പ്രദേശമാണ്. സ്വകാര്യ ഖനന ലോബികളുടെ നീക്കങ്ങള്‍ പ്ലാങ്കുടിക്കാവ് നെടുംപാറയിലെ ഇക്കോ ടൂറിസം പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയെങ്കിലും ഇപ്പോള്‍ പദ്ധതിക്ക് പുതുജീവന്‍ കൈവന്നിരിക്കുകയാണ്. പ്ലാങ്കുടിക്കാവ് നെടുംപാറയെ ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിന്റെ ഇത്തവണത്തെ ഓണാഘോഷവും ഇവിടെയാണ് നടന്നത്. വൈകാതെ തന്നെ പ്ലാങ്കുടിപ്പാറ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: