തിരുവനന്തപുരം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വൈഷ്ണവം ട്രസറ്റ് നല്കുന്ന മൂന്നാമത് വൈഷണവം സാഹിത്യപുരസ്‌കാരം തുളസീവനം ആര്‍.രാമചന്ദ്രന്‍നായര്‍ക്ക് നല്കും. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.
സി. രാധാകൃഷ്ണന്‍ അധ്യക്ഷനും ഡോ. ടി.പി.ശങ്കരന്‍കുട്ടിനായര്‍, ഡോ. രതി മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പുതിയ തലമുറകളുടെ മനസിനെ സാംസ്‌കാരികമായ ഉള്‍ക്കാഴ്ചകൊണ്ട് പ്രകാശപൂര്‍ണമാക്കുകയും സംസ്‌കാരത്തിന്റെ കണ്ണി മുറിയാതെ കാത്തുപോരുകയും ചെയ്യുന്ന സര്‍ഗാത്മക സാഹിത്യമാണ് തുളസീവനത്തിന്റേതെന്ന് ജൂറി വിലയിരുത്തി.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവര്‍മ്മയും സെക്രട്ടറി ഡോ. ആര്‍. അജയ്‌കുമാറും അറിയിച്ചു.











