തിരുവനന്തപുരം: തലസ്ഥാന നഗരം ലഹരി മാഫിയയുടെ പിടിയില്‍. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോലീസ് സാന്നിധ്യമുള്ള തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന നിഷ്ഠൂര കൊലപാതകം ജനത്തെ ഭീതിയിലാഴ്‌ത്തിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും സുരക്ഷിത നഗരമെന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്ത് ഇത്തരത്തില്‍ ലഹരി മാഫിയ അഴിഞ്ഞാടുന്നതു പോലീസ് സേനയ്‌ക്ക് അപമാനമാണ്.
കഞ്ചാവും, എംഡിഎയും സിന്തറ്റിക്ക് സ്റ്റാമ്പുകളും വിവിധതരം പൗഡറുകളും തുള്ളിമരുന്നുകളും ഹാഷിഷ് ഓയിലും ലഹരി ഗുളികകളും എല്ലാം സുലഭമായി ലഭിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളും യുവാക്കളും ലഹരിയുടെ പിടിയിലമര്‍ന്നിട്ടുണ്ട്. പുരുഷന്മാരെക്കൂടാതെ സ്ത്രീകള്‍ക്കിടയിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പോലീസിന്റെയും ഷാഡോ പോലീസിന്റെയും എക്‌സൈസിന്റെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തം മാത്രമാണ് നടക്കുന്നത്. അതും കഞ്ചാവ് കടത്തുന്നവരും ചില്ലറ കച്ചവടക്കാരും മാത്രമാണ് പിടിയിലാകുന്നത്. ഇവരുടെ പിന്നിലുള്ള വമ്പന്‍ സ്രാവുകളെ കണ്ടെത്താനോ അവരുടെ താവളങ്ങളില്‍ റെയ്ഡു നടത്താനോ പോലീസ് തയ്യാറാകുന്നില്ല.
ലഹരിമരുന്നു സംഘങ്ങളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏകോപിപ്പിക്കാന്‍ പോലീസ് ആസ്ഥാനത്ത് ഐജിയുമുണ്ട്. പക്ഷേ പോലീസിനോ എക്‌സൈസിനോ സര്‍ക്കാരിനോ ലഹരിമരുന്നു മാഫിയയെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. തലസ്ഥാനത്തെ യുവാക്കള്‍ ഒത്തുകൂടുന്ന പ്രദേശങ്ങളൊക്കെത്തന്നെ ലഹരി മാഫിയയുടെ പിടിയിലാണ്. ഇത്തരം സ്ഥലങ്ങളിലൊക്കെ അത്യാഢംബര വാഹനങ്ങളിലാണ് ലഹരി വില്‍പ്പനക്കാര്‍ എത്തുന്നത്.
പോലിസിന്റെ കണ്ണില്‍ പൊടിയിടാനാണ് അത്യാഢംബര വാഹനങ്ങളിലെ ലഹരി കച്ചവടം. മാനവീയം വീഥി, സ്‌പെന്‍സര്‍ ജങ്ഷന്‍, യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശം, മ്യൂസിയത്തിനു സമീപമുള്ള ബോധേശ്വരന്‍ റോഡ്, പട്ടം, കിഴക്കേകോട്ട ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം, തമ്പാനൂര്‍ ബസ് സ്റ്റേഷനു സമീപം, വഞ്ചി പൂവര്‍ഫണ്ട് റോഡ്, ആറ്റുകാല്‍ ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാണ്.
കരമന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളിലും ലഹരി മാഫിയ പിടിമുറുക്കിയിട്ട് നാളേറെയായി. ലഹരി ഉപയോഗിച്ച ശേഷം നടക്കുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പലപ്പോഴും വന്‍ സംഘട്ടനങ്ങളിലേക്ക് നയിക്കാറുണ്ട്. നിസ്സാര സംഭവങ്ങള്‍ പോലും ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു.
കഴിഞ്ഞ ദിവസം മരുതൂര്‍ക്കടവില്‍ നടന്ന കൊലപാതകത്തിന്റെ തുടക്കം ബാറില്‍ നടന്ന തര്‍ക്കത്തില്‍ നിന്നാണ്. ഒരാഴ്ച മുമ്പ് പാപ്പനംകോട്ടെ ഒരു ബാറില്‍വച്ച് പ്രതികളും കൊല്ലപ്പെട്ട അഖിലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പകയാണ് കൊലപാതകത്തിന്റെ കാരണം. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കമ്പിവടി കൊണ്ട് പലതവണ തലയ്‌ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊല നടത്തിയെന്നാണ് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. വീടിനോടു ചേര്‍ന്ന് അലങ്കാരമത്സ്യങ്ങള്‍ അടക്കം വില്‍ക്കുന്ന പെറ്റ്‌ഷോപ്പ് നടത്തുകയായിരുന്നു അഖില്‍. 2019 ല്‍ നടന്ന സമാനമായ മറ്റൊരു കൊലപാതക കേസിലെ പ്രതികളാണ് അഖില്‍ വധത്തിലും പ്രതികള്‍. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: