ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. സംസ്ഥാനത്തെ 175 നിയമസഭാ മണ്ഡലങ്ങളിലായി 2387 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലങ്ങളില്‍ 29 എണ്ണം എസ്സി വിഭാഗത്തിനും ഏഴെണ്ണം എസ്ടി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷിയാകുന്നത്.
ബിജെപിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന ടിഡിപിയും പവന് കല്യാണ്‍ നേതൃത്വം നല്കുന്ന ജനസേന പാര്‍ട്ടിയും സഖ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് സഖ്യത്തിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇന്‍ഡി സഖ്യമായി മത്സരരംഗത്തുണ്ട്. ഡി. പുരന്ദരേശ്വരിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. ശര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ ഈ വര്‍ഷമാദ്യം കോണ്‍ഗ്രസില്‍ ലയിപ്പിച്ചിരുന്നു.
എന്‍ഡിഎ സഖ്യത്തിന്റെ സീറ്റുധാരണ പ്രകാരം 144 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപിയും 21 ല്‍ ജനസേന പാര്‍ട്ടിയും പത്തില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്. 17 ലോക്സഭാ മണ്ഡലങ്ങളില്‍ ടിഡിപിയും ആറില്‍ ബിജെപിയും രണ്ടില്‍ ജെഎസ്പിയും ജനവിധി തേടുന്നു. എന്‍ഡിഎ സഖ്യത്തിന്റെ രൂപീകരണത്തോടെ തന്നെ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയുടെ വിജയ സാദ്ധ്യതകള്‍ക്കെല്ലാം മങ്ങലേറ്റു. പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ സഖ്യം വന്‍മുന്നേറ്റം നടത്തുമെന്ന രീതിയിലുള്ള സൂചനകളാണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ എന്‍ഡിഎയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സംസ്ഥാനത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 151 സീറ്റ് നേടിയാണ് 2019ല്‍ സംസ്ഥാനത്ത് ഭരണം പിടിച്ചത്. ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന ടിഡിപി 23 സീറ്റുകള്‍ നേടിയപ്പോള്‍ പവന് കല്യാണ്‍ നേതൃത്വം നല്കുന്ന ജനസേന പാര്‍ട്ടിക്ക് ഒരു സീറ്റാണ് ലഭിച്ചത്. 88 സീറ്റുകളാണ് സംസ്ഥാനത്ത് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. വൈഎസ്ആര്‍സിപിക്ക് 49.95% വോട്ട് ലഭിച്ചപ്പോള്‍ ടിഡിപിക്ക് 39.17% വോട്ട് ലഭിച്ചു.
എന്നാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും സീറ്റുകള്‍ ഒന്നും നേടാനായില്ല. അന്ന് ടിഡിപിയും ബിജെപിയും ജനസേന പാര്‍ട്ടിയും സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ ആന്ധ്രാപ്രദേശിലെ ചിത്രം മാറും. എന്‍ഡിഎ മുന്നണിയുടെ ശക്തമായ മുന്നേറ്റം സംസ്ഥാനത്തുണ്ടാകും. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലും ശക്തമായി പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: