കൊച്ചി: ജലസ്രോതസുകള്‍ പലതും വറ്റിയതോടെ അതിവീജനത്തിനായി ബുദ്ധിമുട്ടുകയാണ് പക്ഷിമൃഗാദികള്‍. ചൂട് ദിനംപ്രതി വര്‍ധിക്കുന്നതിനിടെ നഗരത്തിലെ പക്ഷികളാണ് ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത്. മിണ്ടാപ്രാണികളോട് കരുണയുടെ കനിവ് പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി, ജീവന്റെ മണ്‍കുടങ്ങള്‍ ലുലുവില്‍ ഉയര്‍ന്നു. നഗരത്തിലെ നിരവധി പക്ഷികള്‍ക്ക് അതിജീവനത്തിന്റെ ആശ്വാസ തുള്ളികള്‍ ലഭിച്ചു. ഇടപ്പള്ളി ലുലു മാളിന്റെ ടെറസിലും ജനല്‍തൂണുകളിലും പരിസരങ്ങളിലുമായി ജീവജലവുമായി നിരവധി മണ്‍പാത്രങ്ങളാണ് ഉയര്‍ന്നത്.
പാരിസ്ഥിതിക അവബോധത്തിന്റെ നേര്‍സാക്ഷ്യമായി മാറിയ ശ്രീമന്‍ നാരായണന്റെ നേതൃത്വത്തിലായിരുന്നു കൊച്ചി ലുലു മാളിന്റെ മാതൃകാപരമായ ഈ പ്രവര്‍ത്തനം. നഗരത്തിന്റെ ചൂടില്‍ വെന്തുരുകുന്ന നിരവധി പക്ഷികള്‍ക്ക് കരുണയുടെ ജീവസ്പര്‍ശമായി ലുലു ഒരുക്കിയ മണ്‍പാത്രങ്ങള്‍.
പക്ഷികള്‍ക്കെല്ലാം വെള്ളം ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ ജീവജലം ഉറപ്പാക്കേണ്ടത് മുഴുവന്‍ മനുഷ്യരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു മണ്‍പാത്രങ്ങളില്‍ ജീവജലം പകര്‍ന്നുവച്ചത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളും ഏറ്റവും കൂടുതല്‍ നിര്‍വ്വഹിക്കുന്ന എം.എ യൂസഫലിയുടെ ലുലു മികച്ച പുണ്യപ്രവര്‍ത്തനമാണ് നടത്തിയതെന്നും ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ശ്രീമന്‍ നാരായണന്‍ പറഞ്ഞു.
അതിജീവനത്തിന്റെ മണ്‍പാത്രങ്ങള്‍ ലുലുമാളിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കല്‍ ശ്രീമന്‍ നാരായണന്‍, ലുലു പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു.
ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണന്‍ ഒന്നരലക്ഷത്തിലധികം മണ്‍പാത്രങ്ങള്‍ പക്ഷികള്‍ക്ക് വെള്ളം പകര്‍ന്നു വെക്കാനായി വിതരണം ചെയ്തിട്ടുണ്ട്.
ആലുവയിലെ കീഴ്മാടിലും പറവൂരിലെ തത്തപ്പിള്ളിയിലും ഉണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍ വാങ്ങി സംസ്ഥാനത്തുടനീളം വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്തിരുന്നു.
2022 മാര്‍ച്ച് 27 ന്, മന്‍ കി ബാത്തിന്റെ 87 ാം എപ്പിസോഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയില്‍ നാരായണന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത് മലയാളികള്‍ക്ക് അഭിമാനമുഹൂര്‍ത്തമായി. പക്ഷികള്‍ക്ക് വാട്ടര്‍ ഫീഡറുകള്‍ നല്‍കുന്നതിനൊപ്പം വൃക്ഷത്തൈകളും വേപ്പിന്‍ തൈകളും വിതരണം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റെ സമാനതകളില്ലാത്ത മുഖമായി മാറി അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: