ന്യൂദല്‍ഹി: ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയ അരലക്ഷം അഭയാര്‍ത്ഥികള്‍ വ്യാജ ആധാര്‍ കര്‍ഡുമായി കഴിയുന്നുണ്ടെന്ന് സൈനിക രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.
അസമിലെ മധുപൂര്‍, കേരളത്തിലെ പെരുമ്പാവൂര്‍, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തരദിനാജ് പൂര് എന്നീ പ്രദേശങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നിന്നായിരിക്കാം വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചതെന്ന് കരുതുന്നു.
ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്നതിനും ഇന്ത്യയിലെ കുറ്റവാളികള്‍ക്ക് പുറംരാജ്യങ്ങളിലേക്ക് പോകുന്നതിനും വ്യാജ ആധാര്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.
കേരളം അടക്കമുള്ള കടല്‍ത്തീര സംസ്ഥാനങ്ങളില്‍ കോസ്റ്റ് ഗാര്‍ഡും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയും നിരീക്ഷണം ശക്തമാക്കി. കേരളത്തില്‍ പുറംരാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു വര്‍ഷം മുന്‍പേ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ടെ ഒരു അക്ഷയകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 50 വ്യാജ ആധാര്‍കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ വിലാസങ്ങളില്‍ നിന്നാണ് നുഴഞ്ഞുകയറ്റം നടത്തിയത്.
കേരളത്തിലെ പെരുമ്പാവൂരില്‍ ഭായ്മാരുടെ കടകളില്‍ ബോര്‍ഡില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ആധാര്‍ കേന്ദ്രങ്ങളുണ്ടത്രെ. ഒരേ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളിലും വിലാസങ്ങളിലും ആധാര്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് പല ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: