തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പ്രതിഷേധം കനക്കവെ വകുപ്പ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്. അവധിയിലായിരുന്ന കമ്മിഷണര്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. ഡ്രൈവിങ് സ്കൂളുകാരുടെ മുന്നില്‍ വച്ച് മന്ത്രി ഗണേഷ്കുമാര് രൂക്ഷമായി ശാസിച്ചതിനാലാണ് കമ്മിഷണര്‍ അവധിയില്‍ പ്രവേശിച്ചത്.
ഗണേഷ്കുമാര് ഗതാഗതമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ദീര്‍ഘനാള്‍ അവധിയെടുത്ത കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് ആവശ്യപ്പെട്ട് മാറിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത കമ്മിഷണറുടെയും ആവശ്യം. ഇതിനിടെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്നലെ മുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടത്താന്‍ സാധിച്ചില്ല.
ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ എത്തിയില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കേന്ദ്രങ്ങളിലെത്തി അപേക്ഷകരുടെ പേരുകള്‍ വായിച്ചെങ്കിലും ഭൂരിഭാഗം കേന്ദ്രങ്ങളിലും ആരും എത്തിയിരുന്നില്ല. ഡ്രൈവിങ് സ്കൂളുകാര് ടെസ്റ്റിനുള്ളവരെ എത്തിച്ചില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം പറയുന്നത്. എന്നാല്‍ ടെസ്റ്റ് തോറ്റുകഴിഞ്ഞാല്‍ ഇനി എന്ന് സ്ലോട്ട് ലഭിക്കുമെന്ന് അറിയില്ല. അതിനാല്‍ ഡ്രൈവിങ് സ്കൂളുകാര് കയ്യൊഴിയുകയായിരുന്നു.
കൊല്ലം ചടയമംഗലത്ത് 16 പേര്‍ക്ക് ഇന്നലെ ടെസ്റ്റ് നടത്തി. വടകരയില്‍ മൂന്ന് പേര് എത്തി. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിന് ആരുമെത്തിയില്ല. തൃശ്ശൂരില്‍ പ്രതിഷേധക്കാര്‍ ഗ്രൗണ്ടില്‍ കുഴിയെടുത്ത് അതില്‍ കിടന്ന് പ്രതിഷേധിച്ചു. സമരം തുടങ്ങിയ അന്നു മുതല്‍ കഞ്ഞിവച്ച് പ്രതിഷേധിക്കുന്ന കോഴിക്കോടും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമായി. പരിഷ്കരിച്ച ടെസ്റ്റിനോട് സഹകരിക്കണമെങ്കില്‍ ദിനം പ്രതി ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം നാല്പതാക്കി മാറ്റണമെന്ന് സ്കൂളുകാര് ഉപാധി വച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ഗതാഗതവകുപ്പ് തയാറാകുന്നില്ല. സംസ്ഥാനത്ത് 86 ആര്‍ടിഒ ഓഫീസുകളാണ് ഉള്ളത്. ടെസ്റ്റ് നടത്തേണ്ട സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഏഴെണ്ണം മാത്രം. മറ്റുള്ളവ സ്വകാര്യ വ്യക്തികളും ഡ്രൈവിങ് സ്കൂളുകാര് തയാറാക്കുന്ന കേന്ദ്രങ്ങളും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചെങ്കിലും പരിഷ്കരിച്ച ടെസ്റ്റിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
ഗതാഗതവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂളുകാരുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: