ന്യൂദല്‍ഹി: പദ്മ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ താരമായിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ദിവ്യാംഗനായ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. കെ.എസ്. രാജണ്ണ. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് രാജണ്ണ പദ്മശ്രീ പുരസ്കാരം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ സാമുഹ്യമാധ്യമങ്ങളില്‍ തരംഗമായി. 11 ാം വയസില്‍ പോളിയോ ബാധിച്ച് കൈകളും കാല്പാദങ്ങളും നഷ്ടപ്പെട്ട രാജണ്ണ കാല്‍മുട്ടുകളിലൂന്നിയാണ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയത്. നിലയ്ക്കാത്ത കൈയടികളോടെയാണ് സദസ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
പേര് അനൗണ്‍സ് ചെയ്തതിനു പിന്നാലെ രാജണ്ണ കൈപ്പത്തിയില്ലാത്ത തന്റെ ഇരുകൈകളും ഉയര്‍ത്തി മുന്നോട്ടുവരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തെത്തി അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രി വാത്സല്യത്തോടെ രാജണ്ണയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഇരുവരും പ്രണമിക്കുന്നു. അല്പസമയം സംസാരിക്കുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അഭിവാദ്യം ചെയ്യുന്നു. തുടര്‍ന്ന് പുരസ്കാരം സ്വീകരിക്കുന്നതിനായി മുന്നോട്ടു നീങ്ങുന്നു. ശിരസ് നിലത്തമര്‍ത്തി നമസ്കരിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സമീപത്തേക്ക് നീങ്ങുന്നു. രാഷ്ട്രപതിയെ അഭിവാദ്യം ചെയ്ത് പുരസ്കാരം ഏറ്റുവാങ്ങുന്നു. അതീവ സന്തോഷത്തോടെ പുരസ്കാരം സ്വീകരിച്ച് സദസിനുനേരെ ഉയര്‍ത്തിക്കാണിക്കുന്നു. ഈ സമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സൈനികന് അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്നെങ്കിലും ആ സഹായം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നാലെ പുരസ്കാരം സൈനികന് കൈമാറിയശേഷം രാഷ്ട്രപതിയെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.
തന്റെ ശാരീരിക പരിമിതികള്‍ക്കിടയിലും നൂറുകണക്കിനാളുകള്‍ക്ക് പ്രചോദനവും താങ്ങും തണലുമായി മാറുന്നതിലാണ് ഡോ. രാജണ്ണ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെ പട്ടിക വളരെ വലുതാണ്. പോളിയോ ബാധിച്ച് കൈകളും കാല്പാദങ്ങളും നഷ്ടപ്പെട്ടെങ്കിലും തളര്‍ന്നില്ല. ദൃഢനിശ്ചയത്താല്‍ മുന്നോട്ടു നീങ്ങി. മെക്കാനിക്കല്‍ എഞ്ചിനീയറായി. വെല്ലുവിളികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നിരവധി ദിവ്യാംഗര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സംരംഭകനായി. അവരെ സ്വയം പ്രാപ്തരാക്കാന്‍ വിവിധ മേഖലകളില്‍ പരിശീലനങ്ങള്‍ നല്കി. 2002ല്‍ കോലാലംപൂരില്‍ നടന്ന പാരാലിമ്പിക്സില്‍ പങ്കെടുത്ത് മെഡല്‍ നേടി രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തി. ഡിസ്കസ് ത്രോയില്‍ സ്വര്‍ണവും നീന്തലില്‍ വെള്ളിയുമാണ് അദ്ദേഹം സ്വന്തമാക്കിയത്. 2013ല്‍ കര്‍ണാടക ഭിന്നശേഷി കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് 64 ാം വയസിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം.
നടിയും നര്‍ത്തകിയുമായ വൈജയന്തി മാല, നടന് കെ. ചിരഞ്ജീവി എന്നിവര്‍ ചടങ്ങില്‍ പദ്മവിഭൂഷണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം. ഫാത്തിമാബീവിക്ക് മരണാനന്തര ബഹുമതിയായുള്ള പദ്മഭൂഷണ്‍ പുരസ്കാരം സഹോദരി ഡോ. ഫാസിയാ റഫീഖ് ഏറ്റുവാങ്ങി.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി (സാഹിത്യം), കര്ഷകന് സത്യനാരായണ ബേലേരി (കൃഷി, നെല്‍വിത്ത് സംരക്ഷണം) എന്നിവര്‍ പദ്മശ്രീ പുരസ്കാരം സ്വീകരിച്ചു. പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി. ചിത്രന് നമ്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായുള്ള പദ്മശ്രീ പുരസ്കാരം ചെറുമകന് ചിത്രഭാനുവാണ് ഏറ്റുവാങ്ങിയത്. വിവിധ മേഖലകളില്‍ പ്രമുഖരായ 67 പേര്‍ക്ക് ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
അഞ്ച് പദ്മവിഭൂഷണ്, 17 പദ്മഭൂഷണ്‍, 110 പദ്മശ്രീ ഉള്‍പ്പെടെ 132 പേരാണ് ഈ വര്‍ഷം പദ്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും പുരസ്കാരങ്ങള്‍ രണ്ട് ഘട്ടമായാണ് സമ്മാനിച്ചത്. ഏപ്രില്‍ 22ന് നടന്ന ആദ്യഘട്ടത്തില്‍ മുന്‍ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, ഉഷ ഉതുപ്പ്, മലയാളികളായ കഥകളി ആചാര്യന് സദനം ബാലകൃഷ്ണന്, കണ്ണൂരിലെ തെയ്യം കലാകാരന് ഇ.പി. നാരായണന് എന്നിവരുള്‍പ്പെടെ 65 പേര്‍ക്ക് പദ്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചിരുന്നു.
2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് പദ്മ പുരസ്കാരങ്ങള്‍ ജനകീയ പുരസ്കാരങ്ങളായി മാറിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ഹതപ്പെട്ടവരിലേക്ക് ഗ്രാമനഗരവ്യത്യാസമില്ലാതെ പുരസ്കാരങ്ങള്‍ എത്താന്‍ തുടങ്ങി.
കര്‍ഷകരും കരകൗശല വിദഗ്ദധരും കലാകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാഭ്യാസപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിനുവേണ്ടി സംഭാവന ചെയ്യുന്നവരെല്ലാം ആദരിക്കപ്പെടുന്നു. പുരസ്കാരങ്ങള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതു മുതല്‍ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുവരെ അര്‍ഹത മാത്രമാവുകയാണ് മാനദണ്ഡം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: