കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പെടുത്തപ്പെട്ട മെട്രോ സർവീസ്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസ് ആണ് കൊച്ചി മെട്രോയ്‌ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നൽകുന്നത്.
ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ, മൂവി ടിക്കറ്റുകൾ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകൾ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിൾ വാലറ്റ് ഗൂഗിൾ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങൾക്ക് ഇനി ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ മാത്രമാണ് ഗൂഗിൾ വാലറ്റ് ലഭ്യമായിട്ടുള്ളത്. ഡിവൈസിൽ നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ ഫീച്ചറും ഉണ്ടായിരിക്കണം.
നഗര ഗതാഗത രംഗത്തെ ഡിജിറ്റൽ ചുവടുവയ്‌പ്പുകളിൽ നിർണായക നാഴികക്കല്ലാണ് ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക്നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രോ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തില്‍ മെട്രോയിലുടനീളം ഉപയോഗിക്കാവുന്ന തരത്തിൽ യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റിങ് സംവിധാനം സംയോജിപ്പിക്കുന്നതിൽ സാങ്കേതിക പിന്തുണ നൽകിയത് കൊച്ചിയിലെ പ്രുഡന്റ് ടെക്നോളജീസാണ്. വിപ്ലവകരമായ ഡിജിറ്റൽ അനുഭവം കൊച്ചി മെട്രോ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിൽ നിർണായക ചുവടുവയ്‌പ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടർ ജീജോ ജോർജ് പറഞ്ഞു. തടസ്സങ്ങളിലാത്ത പേമെന്റും മെച്ചപ്പെട്ട വ്യക്തിഗത അനുഭവവും നൽകാൻ കഴിയുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യതയെ ഈ പുതിയ സേവനം പുനർനിർവചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: