കണ്ണൂർ: കേരളത്തെ നടുക്കിയ പാനൂർ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് വിധിച്ച് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്). ശിക്ഷാ വിധി തിങ്കളാഴ്ച പ്രസ്താവിക്കും. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പ്രതി മാനന്തേരി താഴക്കളത്തിൽ ശ്യാംജിത്ത് (27) വീട്ടിൽ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2022 ഒക്‌ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 2023 സെപ്റ്റംബർ 21 നാണ് വിചാരണ തുടങ്ങിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളെ വിസ്തരിച്ചിരുന്നു. ശ്യാംജിത്ത് മുൻ കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് ദൃക് സാക്ഷികളുണ്ടായിരുന്നില്ല. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽ നിന്നും ചുറ്റികയും കൈയുറയും വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മു റിവുകളുണ്ടായിരുന്നു. അതിൽ പത്ത് മുറിവുകൾ മരണശേഷമുള്ളതാണ്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തെ സംസാരിച്ചതിന്റെ ഫോൺ രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാവരും പോയ സമയത്താണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവിട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചതെന്ന് ഏറെ ശ്രദ്ധയേമാണ്. തനിക്ക് 25 വയസായതേയുള്ളൂ, 14 വർഷത്തെ ശിക്ഷയല്ലേ. അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും.ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: