മിക്കപ്പോഴും നടന്ന്, ചിലപ്പോഴൊക്കെ സൈക്കിളില്‍… ബാലസോറിന്റെ മനസറിയാന്‍ മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി എത്തുന്നതെങ്ങനെയാണെന്ന് വിവരിക്കുകയാണ് ഗ്രാമീണര്‍. വെളുത്ത ജുബയും കുര്‍ത്തയും, ഒതുക്കിവയ്‌ക്കാത്ത താടിയും മുടിയും കാഴ്ചയില്‍ ഗ്രാമത്തിലെ പള്ളിക്കൂടങ്ങളിലെ ഒരു മുന്‍ഷി… പക്ഷേ അറിയുന്നവര്‍ പറയും തീയാണ് ആ മനുഷ്യനെന്ന്…
ബാലസോറിലെ ഓരോ കുട്ടിക്കും അറിയാം അദ്ദേഹത്തെ. ഓരോ വീട്ടിലും സാരംഗിക്ക് എപ്പോഴുമുണ്ട് പ്രവേശനം. മന്ത്രിയാവുന്നതിനും എംപിയാവുന്നതിനും മുമ്പ് സാരംഗി ബാലസോറിലുണ്ട്. സംസ്‌കൃതത്തില്‍ സംസാരിക്കും. തനിമയെക്കുറിച്ച് പറയും. അത് പിന്തുടരാന്‍ ജനങ്ങളെ പ്രേരിപ്പിക്കും…. മുളങ്കാടുകള്‍ നിറഞ്ഞ നീല്‍ഗിരിയിലെ ചെറിയ കൂരയില്‍ നിന്ന് ആരംഭിച്ചതാണ് സാരംഗിയുടെ ജീവിത യാത്ര.
പഠനത്തോടൊപ്പം ആത്മീയാന്വേഷണമായിരുന്നു പ്രിയം. ബേലൂര്‍ മഠത്തില്‍ പല തവണ പോയി. അമ്മയെ ശുശ്രൂഷിക്കുകയാണ് യഥാര്‍ത്ഥ ആത്മീയതയെന്നായിരുന്നു ലഭിച്ച ഉപദേശം. ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തുമായി പിന്നെ ജീവിതം. ബിജെപി ടിക്കറ്റില്‍ രണ്ട് തവണ നീല്‍ഗിരിയില്‍ നിന്ന് ജനങ്ങള്‍ നിയമസഭയിലേക്ക് അയച്ചു. കഴിഞ്ഞ തവണ ബാലസോറില്‍ നിന്ന് ലോക്‌സഭയിലേക്ക്. കുട്ടികള്‍ നാനയെന്ന് വിളിച്ചു. മാധ്യമങ്ങള്‍ ഒഡീഷയുടെ മോദിയെന്നും.
പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് സാരംഗി വാര്‍ത്തയായത്. 2019ല്‍ ബിജെഡി നേതാവും കോടീശ്വരനുമായ രബീന്ദ്രകുമാറിനെ 12956 വോട്ടിനാണ് പ്രതാപ് ചന്ദ്ര സാരംഗി മറികടന്നത്. ബലാസോറില്‍ തന്നെ രണ്ടാമൂഴത്തിനാണ് സാരംഗി ശ്രമിക്കുന്നത് ആളും ആരവുമില്ലാത്ത പ്രചാരണമാണ് സാരംഗിയുടെ ശൈലി.
വീട്ടുമുറ്റത്ത് വട്ടമിട്ടിരുന്ന് നടത്തുന്ന ചര്‍ച്ചകളില്‍ നാനാജി കടന്നുവരും. നാലാള് കൂടുന്ന കവലകളിലൊക്കെയും നാനാജി വര്‍ത്തമാനമാകും. ഓരോ ആളും ഹൃദയത്തില്‍ കുറിച്ച ആ പേരാണ് പാര്‍ട്ടിയുടെ വിശ്വാസത്തിന് അടിസ്ഥാനം. ഇക്കുറി ഭൂരിപക്ഷം ലക്ഷം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: