മുംബൈ: റിസര്‍വ്വ് ബാങ്ക് ധനകാര്യ സേവന സ്ഥാപനങ്ങളുടെ മേല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍ക്ക് വ്യാഴാഴ്ച തകര്‍ച്ച.
1659 രൂപയുണ്ടായിരുന്ന മൂത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി 62 രൂപ തകര്‍ന്ന് 1597 രൂപയിലേക്ക് താഴ്ന്നു. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 7.3 ശതമാനം തകര്‍ന്നു. 180 രൂപയുണ്ടായിരുന്ന ഓഹരി 13 രൂപയോളം താഴ്ന്ന് 166ല്‍ അവസാനിച്ചു.
എന്താണ് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം?
ധനകാര്യ വായ്പകളിന്മേല് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കര്‍ശനമായ നിര്‍ദേശങ്ങള്‍ മണപ്പുറത്തിനും മുത്തൂറ്റിനും മറ്റ് ധനകാര്യ സേവനസ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഉപഭോക്താക്കള്‍ക്ക് ഇത്തരം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് പരമാവധി നല്കാവുന്ന വായ്പ 20,000 രൂപ മാത്രമാണ്. സ്വര്‍ണ്ണവായ്പ നല്കുന്ന വന്‍ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ പണമായി വായ്പ നല്‍കുന്നതിനെക്കുറിച്ച് റിസര്‍വ്വ് ബാങ്കിനോട് ഉപദേശം തേടിയപ്പോഴാണ് ഈ നിയന്ത്രണത്തെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. ഐഐഎഫ് എല്‍ എന്ന ധനകാര്യസ്ഥാപനം സ്വര്‍ണ്ണപ്പണയവായ്പാരംഗത്ത് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്പ്പറത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപനത്തെ റിസര്‍വ്വ് ബാങ്ക് ഇത്തരം ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. സ്വര്ണ്ണവായ്പയാണ് മുത്തൂറ്റ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 84 ശതമാനവുമെങ്കില്‍ മണപ്പുറത്തിന്റെ സ്വര്ണ്ണവായ്പാ ആസ്തി 51 ശതമാനമാണ്.
എന്ത് പ്രതിസന്ധിയാണ് മണപ്പുറത്തിനും മുത്തൂറ്റിനും ഉണ്ടാവുക?
മണപ്പുറവും മുത്തൂറ്റും ഗ്രാമീണമേഖലയില്‍ പിടിച്ചുനില്ക്കാന് ലഘുവായ്പകള്‍ കൂടി നല്കാന് നിര്‍ബന്ധിതരാകുന്ന കമ്പനികളാണ്. മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കും സ്വര്‍ണ്ണവായ്പ നല്കുന്ന ചെറുകിടക്കാര്‍ക്കും ചിലപ്പോള്‍ ധനസഹായം നല്‍കേണ്ടതായി വരും. റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ചയെ ഭാവിയില്‍ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. പക്ഷെ റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം കള്ളപ്പണം നിയന്ത്രിക്കലും കൃത്യമായ കണക്കുകളിലൂടെയുള്ള ധനകാര്യ ഇടപാടുകള്‍ നടത്തേണ്ടതും നിര്‍ബന്ധമാണ്.
സാങ്കേതിക വിദ്യയില്‍ വന്‍തോതില്‍ നിക്ഷേപമിറക്കി ഈ കമ്പനികള്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് കടന്നതിനാല്‍ റിസര്‍വ്വ് ബാങ്ക് നിയന്ത്രണം മുത്തൂറ്റിനെയും മണപ്പുറത്തെയും ബാധിക്കില്ലെന്ന് ആംബിറ്റ് ക്യാപിറ്റല്‍ വിലയിരുത്തുന്നു. മാത്രമല്ല ഐഐഎഫ്എല്‍ പ്രവര്‍ത്തനം നിലച്ചതോടെ അവരുടെ സ്വര്‍ണ്ണവായ്പ ബിസിനസ് കൂടി മുത്തൂറ്റിനും മണപ്പുറത്തിനും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: