കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ വിഷയത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഒറ്റപ്പെടുന്നു. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ കടുത്ത എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മന്ത്രി. അപകടങ്ങള്‍ കുറയ്‌ക്കുകയെന്ന ഉദ്യേശ്യശുദ്ധിയുള്ളതിനാല്‍ പൊതുസമൂഹത്തിന്‌റെ പിന്‍ബലവും മന്ത്രിക്കുണ്ടായിരുന്നു. എന്നാല്‍ ഇടതു പക്ഷത്ത്, പ്രത്യേകിച്ച് സിപിഎമ്മില്‍ ഇത് സംബന്ധിച്ച് തുടക്കത്തിലേ അനുകൂല നിലപാടല്ല ഉള്ളത്. പരിഷ്‌കാരത്തിന്റെ നല്ല വശങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ട് എതിര്‍പ്പിനു മുതിര്‍ന്നില്ലെങ്കില്‍ പോലും മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തിലില്ല. സിഐടിയു അടക്കമുള്ള സംഘടനകള്‍ ഗതാഗത മുന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും വരെ മാര്‍ച്ച് നടത്തി പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സിഐടിയു തത്കാലം സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. മറ്റു സംഘടനകള്‍ സമരം തുടര്‍ന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ഇത് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വിദേശയാത്രയില്‍ ആവുകയും ഗതാഗതി കമ്മിഷണര്‍ അവധിയില്‍ പോവുകയും ചെയ്തതോടെ വിഷയം വീണ്ടും സങ്കീര്‍ണമായി. ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയും ടെസ്റ്റുകള്‍ നടത്താന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടലുമായി ചീഫ്് സെക്രട്ടറി മുന്നോട്ടു വന്നിരിക്കുകയാണ് . പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചീഫ്് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്നുള്ളതു സംബനധിച്ച് ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഗതാഗത മന്ത്രി ഉറച്ചു നില്‍ക്കുമ്പോള്‍ അതിനെ മറികടന്ന് എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്നുള്ളതാണ് പ്രശ്‌നം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ രണ്ടു വീതം ക്ലച്ചും ബ്രേക്കും പാടില്ലെന്ന ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശമാണ് അവസാനം കീറാമുട്ടിയായിരിക്കുന്നത്. ഈ സംവിധാനം ഒഴിവാക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടതായാണ് അറിയുന്നത് . ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കൊപ്പം ഉദ്യോഗസ്ഥരും ഗതാഗത മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പരിഷ്‌കാരം പാളുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ 23ന് സിഐടിയു നേതാക്കളുമായി മന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: