കിളിമാനൂര്‍: ടാര്‍ പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ് കിളിമാനൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ. യാത്രികരുടെ നട്ടെല്ല് തകര്‍ക്കുന്ന നിലയിലുള്ള വലിയ കുഴികളാണ് ഡിപ്പോയില്‍ രൂപപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തേക്ക് പോകുന്നതും വരുന്നതുമായ എല്ലാ ദീര്‍ഘദൂര സര്‍വീസകളും കയറിയിറങ്ങിപ്പോകുന്ന സ്റ്റേഷനാണിത്. ലക്ഷ്വറി ബസുകളില്‍ യാത്രചെയ്താല്പ്പോലും ഡിപ്പോയില്‍ കയറിയിറങ്ങുന്ന ബസിലെ യാത്രക്കാര്‍ക്ക് നടവിന് ക്ഷതമുണ്ടാക്കുംവിധം കുലുക്കം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ ഒന്നടങ്കം പറയുന്നു.
ബസ് കടുന്നപോകുന്ന സ്ഥലമെല്ലാം വര്‍ഷങ്ങളായി യാത്രദുഷ്കരമാക്കുംവിധം പൊട്ടിപ്പൊളിഞ്ഞിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതരമായ നിഷ്ക്രിയത്വമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്ഥാന പാതയില്‍ ജില്ലയിലെ പ്രധാന ഡിപ്പോകളില്‍ ഒന്നാണ് കിളിമാനൂരിലേത്. സംസ്ഥാന പാത വഴി തെക്കോട്ടും വടക്കോട്ടും പോകുന്ന നൂറുകണക്കിന് ബസുകളാണ് ഈ ഡിപ്പോ വഴി കയറി ഇറങ്ങി പോകുന്നത്.
ഡിപ്പോയുടെ അങ്കണം പൂര്‍ണ്ണമായി വലിയ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഓരോ ബസും ഡിപ്പോയില്‍ കയറി ഇറങ്ങുമ്പോള്‍ കുഴികളില്‍ വീണ് വലിയ ശബ്ദത്തോടെ ആടിഉലയുന്നതും കാണാം. ബസില്‍ യാത്ര ചെയ്ത് വരുന്നവര്‍ സീറ്റില്‍ നിന്നും തെറിച്ച് വീഴുന്ന സഹചര്യമാണുള്ളത്.
വകുപ്പ് മന്ത്രി ഇതുവഴിയാണ് സ്വന്തം മണ്ഡലത്തിലേയ്ക്കും ജന്മ നാട്ടിലേക്കും പോകുന്നത്. പോകുന്ന വഴി ഡിപ്പോയില്‍ കയറി നോക്കിയാല്‍ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെടുമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. സ്ഥലം എംഎല്‍എയും വിഷയത്തില്‍ ഇടപെടുന്നില്ല. ഡിപ്പോ അധികൃതരാകട്ടെ തകര്‍ന്ന് കിടക്കുന്ന യാര്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും തങ്ങള്‍ക്കറിയില്ലെന്ന നിലപാടിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: