മുഖ്യമന്ത്രി പിണറായി വിജയന് സകുടുംബം വിദേശയാത്രയ്ക്കുപോയിരിക്കുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അറിയിക്കാതെയാണ് മുഖ്യമന്ത്രി രാജ്യം വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി കുറച്ചുദിവസത്തേക്ക് ഓഫീസില്‍ ഉണ്ടായിരിക്കില്ലെന്നു മാത്രമാണ് സ്റ്റാഫംഗങ്ങളെ അറിയിച്ചിരിക്കുന്നത്. ഇത് തികഞ്ഞ നിരുത്തരവാദിത്വമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയോ ഗവര്‍ണറെ അറിയിക്കുകയോ ചെയ്തിട്ടില്ല. യാത്രയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കാതെയാണ് ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സഞ്ചാരം. മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും യാത്ര തിരിക്കുന്നതിനു മുന്‍പുതന്നെ മകളും മരുമകന് മന്ത്രി മുഹമ്മദ് റിയാസും രാജ്യം വിട്ടിരുന്നു. വിനോദ സഞ്ചാരത്തിനാണത്രേ മുഖ്യമന്ത്രിയുടെ സകുടുംബയാത്ര. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള സ്വകാര്യ യാത്രയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളതില്നിന്ന് ഇത് വ്യക്തമാണല്ലോ. കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശീതളഛായ തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് ചെണ്ടകൊട്ടി അറിയിക്കേണ്ടതുണ്ടോ എന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് ചോദിക്കുന്നത്. ചെണ്ടകൊട്ടി അറിയിക്കലൊക്കെ രാജഭരണകാലത്തായിരുന്നു. അതൊക്കെ കാലഹരണപ്പെട്ടുപോയി. ഇന്ന് ജനാധിപത്യമാണ്. ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിനുള്ള സംവിധാനവുമുണ്ട്. ജനങ്ങള്‍ തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള ഭരണാധികാരിയാണല്ലോ മുഖ്യമന്ത്രി. ജനങ്ങള്‍ക്കും ഭരണാധികാരിക്കുമിടയില്‍ സുതാര്യത വേണം. നിയമം ഇത് നിഷ്കര്‍ഷിക്കുന്നുമുണ്ട്. നിയമം അനുസരിക്കാന്‍ പിണറായി വിജയന് തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണകാര്യങ്ങളുടെ നേതൃത്വം ആര് വഹിക്കും എന്ന പ്രശ്നമുണ്ട്. മുഖ്യമന്ത്രിമാര്‍ വിദേശയാത്ര നടത്തുമ്പോള്‍ പകരക്കാരന് ചുമതല നല്‍കുന്നത് പതിവ് രീതിയാണ്. പിണറായി വിജയന് മാത്രം ഇതിന് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? മറ്റാര്‍ക്കെങ്കിലും അധികാരം നല്കിയാല് അവര്‍ അട്ടിമറി നടത്തുമെന്ന പേടിയാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയിലെ ഒരാളെപ്പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്? വിശ്വാസമുള്ള ഒരേയൊരു മന്ത്രി മുഖ്യമന്ത്രിക്കൊപ്പം യാത്രയിലാണല്ലോ. ഇതിനെക്കാള്‍ ഗുരുതരമായ പ്രശ്നം മറ്റൊന്നാണ്. മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമായതിനാല്‍ അത് ആരാണ് സ്പോണ്സര് ചെയ്യുന്നത്? ഇത് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാരിന് നേതൃത്വം നല്കുന്ന ഇടതുമുന്നണിയുടെ കണ്‍വീനര്‍ പറയുന്നത് അംഗീകരിക്കാനാവില്ല. ഈ വിവരം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. നികുതിപ്പണം ഉപയോഗിച്ചാണോ യാത്ര നടത്തുന്നതെന്ന് വ്യക്തമാവേണ്ടതില്ലേ? സ്വകാര്യ വ്യക്തിയാണ് പണം ചെലവാക്കുന്നതെങ്കില്‍ അത് വെളിപ്പെടുത്താത്തത് നിക്ഷിപ്തതാല്‍പ്പര്യം കൊണ്ടായിരിക്കുമല്ലോ.
പതിറ്റാണ്ടുകള്‍ സഹപ്രവര്ത്തകനായിരുന്നയാള് മരിച്ചപ്പോള്‍ അന്ത്യോപചാരച്ചടങ്ങുകള്‍ പോലും വെട്ടിക്കുറച്ച് വിദേശയാത്രയ്ക്കു പോയയാളാണ് ഈ മുഖ്യമന്ത്രിയെന്നത് ജനങ്ങള്‍ മറന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ‘ഇന്‍ഡി’സഖ്യത്തിലുള്‍പ്പെടുന്ന കോണ്‍ഗ്രസ്സിന് വോട്ടുചോദിക്കാന്‍ മറ്റിടങ്ങളില്‍ പോകാതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് നാടുവിട്ടതെന്ന് കരുതാനാവില്ല. അങ്ങനെയുള്ള ജാള്യതയൊന്നും പിണറായിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നിരവധി വേദികളില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇതേ പിണറായി കൈകോര്ത്തതാണല്ലോ. മാത്രമല്ല കോണ്‍ഗ്രസിന് വോട്ടു പിടിക്കാന്‍ ഭാഷയറിയുന്ന പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരിയും മറ്റുമുണ്ടല്ലോ. സുതാര്യതയില്ലാത്ത രാഷ്ട്രീയ ജീവിതമാണ് പിണറായിയുടേത്. മുഖ്യമന്ത്രിയായ ശേഷവും ഇതിന് മാറ്റം വരുത്താന്‍ തയ്യാറല്ല. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി ഇതിന് മുന്‍പ് നടത്തിയ വിദേശയാത്രകളും പലതരത്തില്‍ വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച പല ദുരൂഹതകളും ഇപ്പോഴും നീങ്ങിയിട്ടില്ല. ഔദ്യോഗിക യാത്രകള്‍പോലും മറ്റ് ചില കാര്യങ്ങള്‍ക്ക് മറയാക്കുന്നു എന്ന സംശയം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ യുഎഇ ലക്ഷ്യസ്ഥാനമാകുന്നത് എന്തുകൊണ്ടാണ്? സീസറുടെ ഭാര്യ ചാരിത്ര്യവതിയായിരുന്നാല് പോരാ, അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണമെന്നത് പൊതു പ്രവര്‍ത്തകരും ഭരണാധികാരികളും പാലിക്കേണ്ട തത്വമാണ്. ഇത്തരമൊരു ചിന്തപോലുമില്ലാതെ അധികാരം ദുരുപയോഗിച്ച് തന്നിഷ്ടം പ്രവര്‍ത്തിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊക്കെ ഇപ്പോള്‍ ജനങ്ങള്‍ നന്നായി തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: