ന്യൂദല്‍ഹി: മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു ലഭിക്കണമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വിവാദമായി. പട്നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് സംവരണത്തില്‍ നിലപാടു വ്യക്തമാക്കി ലാലു പ്രസ്താവന നടത്തിയത്. ആര്‍ജെഡി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയുവും ബിജെപിയും രംഗത്തെത്തി.
ഭരണഘടന മാറ്റിയെഴുതി സംവരണമില്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാരോപിച്ചായിരുന്നു മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്ക് നല്‌കേണ്ടതുണ്ടെന്ന വിവാദ പ്രസ്താവന ലാലു പ്രസാദ് യാദവ് നടത്തിയത്. പ്രീണന രാഷ്‌ട്രീയം മാത്രമാണ് പ്രതിപക്ഷത്തിനറിയാവുന്നതെന്നും ജനങ്ങളുടെ ശ്വസിക്കാനുള്ള അവകാശം കൂടി പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുറ്റപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സംവരണം മുസ്ലീങ്ങള്‍ക്ക് നല്കണമെന്ന് ഉപദേശിക്കുകയാണ്. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കും ലഭിക്കേണ്ട സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രം നല്കുമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് ഇന്‍ഡി സഖ്യത്തിന്റെ ശേഷിക്കുന്ന വോട്ടുബാങ്ക് മുസ്ലീങ്ങളാണെന്ന് ധരിച്ചാണ്. ആരു ക്രിക്കറ്റ് കളിക്കണമെന്നു പോലും കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും, പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മറ്റൊരു തരത്തിലാണെന്നു പറഞ്ഞ് ലാലു രംഗത്തു വന്നു.
ഇന്‍ഡി മുന്നണി അധികാരത്തിലെത്തിയാല്‍ നിലവിലെ സംവരണ ഘടന പൊളിച്ചെഴുതി മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്കാനുള്ള നീക്കമുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു നല്കണമെന്ന ലാലുവിന്റെ വാക്കുകള്‍ അപകടകരമാണ്. ആര്‍ജെഡിക്ക് മുസ്ലീങ്ങളോടാണ് പ്രഥമ പരിഗണനയെന്നും യാദവ വിഭാഗം രണ്ടാമതേയുള്ളെന്നും ബിജെപി വക്താവ് ആരോപിച്ചു.
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കുമെതിരായ നിലപാടാണ് ലാലു പ്രസാദ് യാദവിനെന്ന് ജെഡിയു ആരോപിച്ചു. സംവരണം ലഭിക്കുന്ന ജന വിഭാഗത്തിനെതിരായ ഗൂഢാലോചനയാണ് ലാലുവിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: