ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച (2024-25) 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച്. അതുപോലെ 2024-25ല്‍ ഇന്ത്യ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഒഇസിഡി (ദി ഓര്ഗനൈസേഷന് ആന്റ് ഇക്കണോമിക് കോപറേഷന്‍ ആന്റ് ഡവലപ് മെന്റ് ) വിലയിരുത്തുന്നു.
ആഗോള തലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ച 2024ല്‍ വെറും 3.1 ശതമാനവും 2025ല്‍ 3.2 ശതമാനവും ആയി ചുരുങ്ങി നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ അസാധ്യ വളര്‍ച്ചയെന്ന് ഒഇസിഡി ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും വളര്‍ച്ച കുറയുമ്പോള്‍ യുഎസും ഇന്ത്യയും നല്ല സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഒഇസിഡി പറയുന്നു. റിസര്‍വ്വ് ബാങ്ക് 2024 അവസാനഘട്ടത്തില്‍ രൂപയുടെ പലിശനിരക്ക് കുറയ്ക്കുമെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗം കുതിക്കുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. നല്ല മണ്‍സൂണും നാണ്യപ്പെരുപ്പം വിചാരിച്ച പരിധിക്കുള്ളില്‍ നിര്‍ത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമാണ് ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുകയെന്നും ഒഇസിഡി പറയുന്നു.
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്ക് പോലും 2024-25ല്‍ 7 ശതമാനം വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്ക് പ്രവചിക്കുമ്പോഴാണ് ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് അത് 7.1 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവഴിക്കുന്നു, ഇന്ത്യയിലെ സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെ കടം കുറച്ചുകൊണ്ടുവരുന്നതിലൂടെ കൂടുതല്‍ ആരോഗ്യം നേടുന്നു, സ്വകാര്യ മൂലധനകമ്പനികള് വന്‍തോതില്‍ ഇന്ത്യയില്‍ പണമിറക്കുന്നു, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടം കുറച്ച് കൂടുതല്‍ ലാഭം നേടുന്നു തുടങ്ങി അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട്. -ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: