മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും തകര്‍ന്നു. സെന്‍സെക്സ് 384 പോയിന്റ് തകര്‍ന്ന് 73500ല്‍ എത്തിയപ്പോള്‍ ഒരാഴ്ച മുന്‍പ് 22600ല്‍ എത്തിയിരുന്ന നിഫ്റ്റി ചൊവ്വാഴ്ച 22,300ല്‍ എത്തി നിന്നു. ഇതോടെ ഇത്രയും കാലം ഉയര്ന്നുകൊണ്ടേയിരുന്ന ഓഹരിവിപണി നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറെക്കാലമായി ഓഹരികളില്‍ നിക്ഷേപിച്ചവര്‍ അതെല്ലാം വിറ്റ് ലാഭമെടുക്കുകയാണെന്ന് കരുതുന്നു. എന്തായാലും സെന്‍സെക്സ് 74000 പോയിന്റിന് താഴെയും നിഫ്റ്റി 22450 പോയിന്റിനും താഴെ നിന്നാല്‍ വിപണി ദുര്‍ബലമായി തന്നെ തുടരുമെന്നാണ് കൊടക് സെക്യൂരിറ്റി മേധാവി ശ്രീകാന്ത് ചൗധരിയുടെ വിലയിരുത്തല്‍. ഇതിലും താഴേക്ക് പോയാല്‍ നിഫ്റ്റി 22100ലേക്കും 22000 ലേക്കും വീഴാമെന്നും വിലയിരുത്തപ്പെടുന്നു. അതുപോലെ സെന്‍സെക്സ് 74000നും താഴേക്ക് പോയാല്‍ അത് 73000ലേക്ക് വരെ ഇറങ്ങാം.
മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളും തകര്‍ന്നു
കഴിഞ്ഞ കുറെ നാളുകളായി മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളുടെ പൊതു ട്രെന്‍ഡ് നേട്ടങ്ങളുടേതായിരുന്നു. ഈ ചെറിയ വിലയുള്ള ഓഹരികള്‍ വന്‍തോതില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇവയാണ് ഇപ്പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലംപൊത്തുന്നത്. 5000 കോടിക്കും 20,000 കോടിക്കും ഇടയില്‍ വിപണി മൂല്യം ഉള്ള കമ്പനികളാണ് മിഡ് ക്യാപ്. ഓഹരികള്‍. 5000 കോടിക്ക് താഴെ വിപണിമൂല്യം ഉള്ള കമ്പനികളാണ് സ്മാള്‍ ക്യാപ് കമ്പനികള്‍.
ചൊവ്വാഴ്ച മിഡ് ക്യാപ് ഓഹരികള്‍ 1.9 ശതമാനവും സ്മാള്‍ ക്യാപ് ഓഹരികള്‍ 1.65 ശതമാനവും താഴ്ന്നു. കഴിഞ്ഞ കുറെ മാസങ്ങളായി വന്‍തോതില്‍ ഉയര്‍ന്ന ഓഹരികളുടെ ഇപ്പോഴത്തെ തകര്‍ച്ച ഒരു പുതിയ ദിശാമാറ്റത്തിന്റെ സുചനയാണോ എന്ന ചോദ്യം ഉയരുകയാണ്.
റിയാല്‍റ്റി, ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ് മേഖലകള്‍ക്ക് നഷ്ടം
റിയാല്‍റ്റി മേഖലയിലെ ഓഹരികള്‍ ചൊവ്വാഴ്ച വന്‍ നഷ്ടം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം ഈ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ക്കായിരുന്നു. ഏകദേശം നാല് ശതമാനത്തോളമാണ് നഷ്ടമുണ്ടാക്കിയത്. ലോഹ മേഖലയിലെ ഓഹരികള്‍ക്ക് 2.4 ശതമാനം നഷ്ടമുണ്ടായി. പ്രിസ്റ്റീജ് (7ശതമാനം) ഫീനിക്സ് മില്‍സ് (5.41 ശതമാനം), ശോഭ ലിമിറ്റഡ് (4 ശതമാനം), ഡിഎല്‍എഫ് (4.09 ശതമാനം), മാക്രോടെക് ലിമിറ്റഡ് (3.22 ശതമാനം) എന്നിങ്ങനെ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ തകര്‍ന്നു.
ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ തകര്‍ന്നിരുന്നു. ഏകദേശം 1.83 ശതമാനം വരെ ഈ വിഭാഗത്തില്‍പ്പെട്ട ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോയില്‍ ടാറ്റാ മോട്ടോഴ്സ് ഓഹരിയുടെ തകര്‍ച്ച ഷോക്കായിരുന്നു. ചൊവ്വാഴ്ട 1015 രൂപയില്‍ ഉണ്ടായിരുന്ന ടാറ്റാ മോട്ടോഴ്സ് ഓഹരി 28 രൂപയോളം ഇടിഞ്ഞ് 988 രൂപയില്‍ എത്തി. ബജാജ് ഓട്ടോ 9052 രൂപയില്‍ നിന്നും 360 രൂപയോളം നഷ്ടത്തില്‍ 8692 രൂപയില്‍ അവസാനിച്ചു. ടിവിഎസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ തകര്‍ന്നു. ബുള്ളറ്റ് കമ്പനിയുടെ ഐഷര്‍ മോട്ടോഴ്സ് മാത്രം നേരിയ നേട്ടമുണ്ടാക്കി.
ഓയില്‍ ആന്റ് ഗ്യാസ് മേഖലയ്ക്ക് രണ്ട് ശതമാനത്തോളം നഷ്ടമുണ്ടായി. ഹെല്‍ത്ത് മേഖലയിലെ ഓഹരികള്‍ രണ്ട് ശതമാനത്തോളം തകര്‍ന്നു.
നേട്ടത്തില്‍ മുന്‍പന്തിയില്‍ എഫ് എം സിജി കമ്പനികള്‍; മാരികോ, ഗോദ്റെജ് കണ്‍സ്യൂമര്‍ നേട്ടമുണ്ടാക്കി
ഉപഭോക്തൃ ഉല്പന്നങ്ങളുടെ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നിരുന്നു. ഉപഭോക്തൃ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന മാരികോ ഓഹരി വില 10 ശതമാനം ഉയര്‍ന്നു. 2025ല്‍ മെച്ചപ്പെട്ട സാമ്പത്തിക പുരോഗതി കമ്പനി നേടുമെന്നാണ് കരുതുന്നത്. മാരികോയുടെ ഓഹരി ചൊവ്വാഴ്ച 530 രൂപയില്‍ നിന്നും 51 രൂപയോളം ഉയര്‍ന്ന് 582 രൂപയില്‍ അവസാനിച്ചു.
ഗോദ് റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിനും വന്‍മുന്നേറ്റമായിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം മെച്ചപ്പെട്ടിരുന്നു. ചൊവ്വാഴ്ച 1250 രൂപയുണ്ടായിരുന്ന ഓഹരി 69 രൂപ നേട്ടമുണ്ടാക്കി 1320 രൂപയില്‍ അവസാനിച്ചു.
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശം ഫിനാന്‍സ്, ബാങ്കിംഗ് മേഖലയ്ക്ക് തിരിച്ചടിയായി
ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശം കാരണം ബാങ്ക് ഓഹരികള്‍ പലതും തകര്‍ന്നിരുന്നു. പ്രത്യേകിച്ചും പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍. ഫിനാന്‍സ് മേഖലയിലെ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഏകദേശം 0.92 ശതമാനത്തോളം തകര്‍ന്നിരുന്നു.
ഡോളര്‍ ശക്തിപ്പെട്ടത് സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് നേട്ടമായി
ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഐടി ഓഹരികള്‍ ഉയര്‍ന്നു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.
രൂപ 20 പൈസ നഷ്ടമുണ്ടാക്കി
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 20 പൈസയുടെ നഷ്ടമുണ്ടാക്കി. തിങ്കളാഴ്ച 83 രൂപ 30 പൈസയില്‍ നിന്നിരുന്ന രൂപ ചൊവ്വാഴ്ച 83 രൂപ 50 പൈസയിലേക്ക് താഴ്ന്നു. ഒരു ഘട്ടത്തില്‍ 83 രൂപ.65 പൈസയില്‍ നിന്നിരുന്ന ഇന്ത്യന്‍ രൂപ പിന്നീട് 83 രൂപ 50 പൈസയിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: