കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്ന്നുനില്ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. താപസമ്മര്‍ദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് (ഡിഎച്ച്ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാര്‍ന്ന സമുദ്ര ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മര്‍ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡിഎച്ച്ഡബ്ല്യൂ 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ. ആര്. ശ്രീനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: