യൂട്യൂബില്‍ ഇന്നലെ യാദൃച്ഛികമായി സല്മാന് റഷ്ദി ഒരു അമേരിക്കന്‍ ടിവിക്ക് അടുത്തിടെ നല്കിയ ഒരു അഭിമുഖം കാണാനിടയായി. അതില്‍ അദ്ദേഹം പറഞ്ഞ രസകരമായ ഒരു കാര്യത്തേക്കുറിച്ച് ഒരു കുറിപ്പ് എഴുതണമെന്ന് ആദ്യം കരുതിയതാണ്, പിന്നെ മടി കാരണം വേണ്ട എന്നുവെച്ചു. അങ്ങനെ ഇരിക്കവെയാണ് ദേ ഇന്ന് മാതൃഭൂമി ഓണ്‍ലൈനില്‍ എന്‍.എസ്. മാധവന് പറഞ്ഞത് കാണുന്നത്. അതു വായിച്ചപ്പോള്‍ എഴുതിക്കളയാം എന്ന് തീരുമാനിച്ചു.
കഴിഞ്ഞ അമ്പത് വര്‍ഷങ്ങളെടുത്താല്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട സാഹിത്യകാരനാണോ റഷ്ദി എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയുന്നവരുണ്ടാകും. സാറ്റാനിക് വേഴ്സസിന്റെ പേരില്‍ ദുരിതം അനുഭവിക്കുമ്പോഴും, നിലപാടുകളില്‍ മലക്കം മറിയുകയും അറിവില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാലും എല്ലാ വിവാദങ്ങള്ക്കപ്പുറവും അദ്ദേഹം ഒരു പ്രധാനപ്പെട്ട എഴുത്തുകാരന് തന്നെയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.
സല്മാന് റഷ്ദി അഭിമുഖത്തില്‍ മാസങ്ങള്‍ക്ക് മുന്നേ തന്നെ വധിക്കാന്‍ ശ്രമിച്ചയാള്‍ ഇപ്പോള്‍ കിടക്കുന്ന ജയില്‍ കാണാന്‍ പോയതിനെക്കുറിച്ച് പറയുന്നുണ്ട്. പ്രതിയെ കാണാനല്ല, ജയില്‍ കാണാന്‍ മാത്രം. ആ ജയിലിന് മുന്നില്‍ നിന്നപ്പോള്‍, തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചവന് അകത്തും താന്‍ പുറത്തുമാണല്ലോ എന്നാലോചിച്ച് അദ്ദേഹത്തിന് സന്തോഷം തോന്നിയത്രേ. (He’s in there, I am in here. That feels good.)
ഇത് കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ചത്, മലയാളത്തിലെ ഒരു എഴുത്തുകാരനായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ എന്നാണ്. ഒന്നാമത് സ്വന്തം തടി കേടാന്‍ സാദ്ധ്യതയുള്ള ഒന്നും ഇവര്‍ എഴുതില്ല. ഇനി എങ്ങാനും റഷ്ദിയെ പോലെ കുത്ത് വല്ലതും കൊണ്ടാല്‍, താന്‍ കുത്തിയവനോട് ക്ഷമിച്ചു എന്നും മറ്റും പറഞ്ഞ് അത് വിറ്റ് കാശാക്കുവാനേ എഴുത്തുകാരന് ശ്രമിക്കുകയുള്ളൂ. കുത്തിയവന് മുസ്ലിമാണെങ്കില് സംഘപരിവാറിന്റെ രാഷ്ട്രീയമാണ് അവനെക്കൊണ്ട് അത് ചെയ്യിച്ചതെന്ന് പറയുമെന്നുള്ളത് അച്ചെട്ടാണ്.
തന്നെ കൊല്ലാന്‍ ശ്രമിച്ചവന് ജയിലില്‍ കിടക്കുന്നു എന്നുള്ളതില്‍ സന്തോഷം ഉണ്ടെന്ന് തുറന്നുപറയാനുള്ള റഷ്ദിയുടെ – ഒരു പച്ചയായ മനുഷ്യന്റെ – സത്യസന്ധത കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലുള്ള ആരും കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്‍. എസ്.മാധവന്, കേരള സംഗീത നാടക അക്കാദമിയുടെ അറുപത്തിയാറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്, കലാകാരന്മാര്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ല എന്നാണ്. കുറഞ്ഞപക്ഷം സ്വന്തം അനുഭവത്തില്‍ നിന്നെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. എന്തെല്ലാം ബഹളമായിരുന്നു! എന്നിട്ടും ഹിഗ്വിറ്റ എന്ന പേരില്‍ തന്നെ സിനിമ ഇറക്കാന്‍ അതിന്റെ സംവിധായകന് ആയില്ലേ?
ഇവിടെ കുറേ തവളകള്‍ കിടന്ന് കാറുന്നതല്ലാതെ മലയാളത്തില്‍ നിന്നും ലോകോത്തരമായ സാഹിത്യ സൃഷ്ടികളൊന്നും ഉണ്ടാവാത്തതിന്റെ പ്രധാന കാരണം എന്താണെന്നോ? കഴിവുള്ളവരുടെ കള്ളത്തരങ്ങള്‍.
(ഫേസ്ബുക്ക് പോസ്റ്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: